1470-490

സംസ്ഥാന അതിര്‍ത്തികള്‍ അടച്ച് തൊഴിലാളികളുടെ പലായനം തടയണമെന്ന് കേന്ദ്രം

ദില്ലി: അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾ അതിർത്തികൾ അടക്കണമെന്നും അതിഥി തൊഴിലാളികൾ എവിടെയാണോ അവിടെ തുടരാനാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

തൊഴിലാളികൾ എവിടെയാണോ ഉള്ളത് അവിടം വിട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. സംസ്ഥാനത്ത് കഴിയുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകണം. ഇവർക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു. ഇതിനായി സംസ്ഥാന സർക്കാരിന് ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കുമെന്നും ഇതുസംബന്ധിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിർദേശങ്ങൾ കർശനമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്. എല്ലാവരുടെയും ഗുണത്തിന് വേണ്ടിയാണ് അത് നടപ്പിലാക്കിയിരിക്കുന്നതെന്നും സർക്കുലറിൽ പറയുന്നുണ്ട്.

ലോക്ക്ഡൗണിനെ തുടർന്ന് കാൽനടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ചിലർ കുഴഞ്ഞുവീണ് മരിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. ഡൽഹിയിൽ നാട്ടിലേക്ക് മടങ്ങാനായി അതിഥിതൊഴിലാളികൾ ബസ് കാത്തുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. നാട്ടിലേക്ക് തിരികെ പോകുന്നതിനായി വാഹനമാവശ്യപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട്ടും ആയിരക്കണക്കിന് അതിഥിതൊഴിലാളികൾ റോഡ് ഉപരോധിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിറകെയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

Comments are closed.