1470-490

എംഎൽഎയുടെ ഇടപെടലിൽ നാടോടിസംഘത്തിന് സുരക്ഷിത സ്ഥാനം ഒരുങ്ങി

കോവിഡ് വൈറസ് സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമല്ലാത്ത ചുറ്റുപാടിൽ ജീവിച്ചിരുന്ന നാടോടിസംഘത്തിന് സുരക്ഷിത സ്ഥാനം ഒരുക്കി എറിയാട് പഞ്ചായത്ത്. കൊട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന നാടോടി സംഘങ്ങളെയാണ് എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ ഇടപെടലിനെ തുടർന്ന് പഞ്ചായത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊച്ചു കുട്ടികൾ അടങ്ങിയ സംഘം ദുരിതത്തിൽ ആവുകയായിരുന്നു. അഴീക്കോട് പതിനേഴാം വാർഡ് ചുങ്കം പ്രദേശത്താണ് 7 കുടുംബങ്ങൾ അടങ്ങിയ നാടോടി സംഘം താമസിച്ചിരുന്നത്. മൈസൂരിൽ നിന്ന് കുറച്ചുനാൾ മുമ്പാണ് സംഘം ഈ പ്രദേശത്ത് താമസമാക്കിയത്. രണ്ടു ഗർഭിണികളും ആറ് കുട്ടികളും ഉൾപ്പെടെ 26 പേരാണ് പ്ലാസ്റ്റിക് ടാർപായ വലിച്ചു കെട്ടിയ ടെന്റിനുള്ളിൽ സുരക്ഷിതമല്ലാത്ത ചുറ്റുപാടിൽ കഴിഞ്ഞിരുന്നത്. കൊട്ടവഞ്ചിയിൽ മത്സ്യബന്ധനത്തിനു പോയി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇവർ പുഴയോട് ചേർന്ന് തന്നെയാണ് താമസിച്ചിരുന്നതും. അഞ്ചും ആറും വയസ്സുള്ള കുട്ടികളുമായാണ് ഇവരില്‍ പലരും കുട്ടകളില്‍ മീന്‍ പിടിക്കുന്നത്. ലോക്ക് ഡൗണിന്റെയും വൈറസിന്റെയും സാഹചര്യത്തിൽ സംസ്ഥാനത്തിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു.

അതിഥി തൊഴിലാളികളുടെ സുരക്ഷയും മുൻനിർത്തി ഇവരെ അഴീക്കോട് പോർട്ട് ഓഫീസിലേക്കാണ് മാറ്റി താമസിപ്പിക്കുകയെന്ന് എംഎൽഎ അറിയിച്ചു. ഇവർക്കാവശ്യമായ എല്ലാവിധ സൗകര്യവും ആരോഗ്യ സുരക്ഷയും അധികൃതർ ഒരുക്കിയിട്ടുണ്ട്. മാറി താമസിക്കുന്ന ആദ്യത്തെ ദിവസം മാത്രം ഇവർക്ക് വേണ്ട ഭക്ഷണം പഞ്ചായത്തിൻറെ സാമൂഹ്യ അടുക്കളയിൽ നിന്നാണ് നൽകിയത്. മറ്റ് ദിവസങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ട ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കളും അധികൃതർ എത്തിച്ച് നൽകിയിട്ടുണ്ട്. എംഎൽഎയോടൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം കെ സിദ്ദിഖ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക ശിവ പ്രിയൻ, പഞ്ചായത്ത് അംഗങ്ങളായ പ്രസീന റാഫി, അബ്ദുള്ള എന്നിവരും മാറ്റിതാമസിപ്പിക്കുന്നതിന് നേതൃത്വം നൽകി.

Comments are closed.