1470-490

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നു. കെ. വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗങ്ങൾ ചേർന്നത്. ഭക്ഷണക്ഷാമം വരാതിരിക്കാനായി സംസ്ഥാന സര്‍ക്കാർ നിർദേശിച്ച സാമൂഹ്യ അടുക്കള എല്ലായിടത്തും ആരംഭിച്ചു. ഗുരുവായൂര്‍, ചാവക്കാട് നഗരസഭകൾ തെരുവില്‍ കഴിഞ്ഞിരുന്നവര്‍ക്കായി ക്യാമ്പുകള്‍ തുടങ്ങി.

ഗുരുവായൂരില്‍ ക്ഷേത്ര നടയില്‍ കഴിഞ്ഞിരുന്ന മുഴുവന്‍ ആളുകളേയും ഗുരുവായൂര്‍ ജിയുപി സ്ക്കൂള്‍, ടൗണ്‍ഹാള്‍, അഗതി മന്ദിരം എന്നിവിടങ്ങളിലായാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ക്ക് മൂന്നു നേരം ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എന്നിവ നല്‍കി വരുന്നു. നഗരസഭാ ചെയര്‍മാന്‍ എം. രതി, സെക്രട്ടറി ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. നിരീക്ഷണത്തിലുള്ളവരുമായി വാര്‍ഡ് തലത്തിലുള്ള ‘ആര്‍ ആര്‍ ടി’ ആശയവിനിമയം നടത്തി വരുന്നു.

ചാവക്കാട് നഗരസഭയുടെ ക്യാമ്പ് മണത്തല ഹയര്‍സെക്കണ്ടറി സ്ക്കൂളിലാണ് നടക്കുന്നത്. ഇരൂനൂറോളം പേര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കുന്നതായി നഗരസഭ ചെയര്‍മാന്‍ എന്‍. കെ അക്ബര്‍ അറിയിച്ചു. പുന്നയൂര്‍ക്കുളം, വടക്കേകാട്, പുന്നയൂര്‍, ഒരുമനയൂര്‍, കടപ്പുറം, ഏങ്ങണ്ടിയൂര്‍ എന്നീ പഞ്ചായത്തുകളിലും സാമൂഹ്യ അടുക്കള പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ. ഡി ധനീപ്, മറിയു മുസ്തഫ, ബുഷറ, പി. വി ഉമ്മര്‍ കുഞ്ഞി, പി. വി മൊയ്നുദ്ധീന്‍, ജ്യോതിലാല്‍ എന്നിവരാണ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Comments are closed.