കോവിഡ്19: ചൂണ്ടൽ പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു.

കുന്നംകുളം: കോവിഡ്19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൂണ്ടൽ പഞ്ചായത്തിൽ മുരളി പെരുനെല്ലി എം.എൽ എ.യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിന് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ പഞ്ചായത്ത്, പോലീസ്, ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്. പഞ്ചായത്ത് പരിധിയിൽ ഭക്ഷണം നൽകേണ്ടവരുടെ പട്ടിക കൃത്യമായി ഉണ്ടാക്കി സൂക്ഷിക്കണമെന്നും, നിർധന കുടുംബങ്ങൾക്കും, അതിഥി തൊഴിലാളികൾക്കും, മറ്റ് അവശത അനുഭവിക്കുന്നവർക്കുമാണ് ഭക്ഷണകാര്യത്തിൽ മുൻഗണന നൽകേണ്ടതെന്ന് എം.എൽ.എ. പറഞ്ഞു.വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ലെങ്കിൽ പോലീസിന്റെ സഹായം തേടി നിർദ്ദേശങ്ങൾ പാലിക്കാൻ കർശന നടപടി സ്വീകരിക്കണം. പലയിടത്തും ആളുകൾ കൂട്ടം കൂടി നിൽക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. അത്തരത്തിൽ പുറത്തിറങ്ങി കൂട്ടം കൂടുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കോറോണയുടെ പശ്ചാത്തലത്തിൽ വളണ്ടിയർമാരാകുന്നതിന് നിരവധി ചെറുപ്പക്കാർ മുന്നോട്ട് വരുന്നുണ്ട്. അധികൃതർ നൽകുന്ന പാസ് ലഭിച്ചാൽ യഥേഷ്ടം പുറത്തിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പലരും മുന്നോട്ട് വരുന്നത്. എന്നാൽ സന്നദ്ധ പ്രവർത്തനത്തിനിറങ്ങുന്ന എല്ലാവർക്കും പാസ് നൽകില്ലെന്നും, സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും എം.എൽ.എ. നിലപാട് വൃക്തമാക്കി. സർക്കാരും വിവിധ വകുപ്പുകളും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ മുഴുവനാളുകളും സ്വമേധയാ തയ്യാറകണമെന്നും എം.എൽ.എ. കൂട്ടി ചേർത്തു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, വൈസ് പ്രസിഡണ്ട് രേഖ സുനിൽ, കുന്നംകുളം സബ്ബ് ഇൻസ്പെക്ടർ ഇ.ബാബു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എ. മുഹമ്മദ് ഷാഫി, ഷാജി കുയിലത്ത്, പഞ്ചായത്ത് അംഗം യു.വി. ജമാൽ, പഞ്ചായത്ത് സെക്രട്ടറി പി.എ.ഷൈല, അസിസ്റ്റന്റ് സെക്രട്ടറി സാജൻ സി. ജേക്കബ്ബ്, വില്ലേജ് ഓഫീസർമാരായ കെ.കെ.സാലി, എം.ബി.രാജശ്രീ, പ്രവീൺ കുമാർ, ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ എ.സുജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എൻ. ഷിജു, കുടുംബശ്രീ സി.ഡി എസ് ചെയർപേഴ്സൺ സിനി പ്രസാദ്, യൂത്ത് കോർഡിനേറ്റർ കെ.വി. വിജേഷ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Comments are closed.