1470-490

കോവിഡ് 19: മണ്ഡലത്തിലെ പഞ്ചായത്തുകൾക്ക് പ്രതിരോധ നിർദേശങ്ങൾ നൽകി മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തന നിർദ്ദേശങ്ങൾ നൽകി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഇന്നലെ (മാർച്ച് 29) വിവിധ പഞ്ചായത്തുകളിലെ അവലോകന യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസവും മന്ത്രി നഗരസഭ, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുത്ത് സ്ഥിതി വിലയിരുത്തിയിരുന്നു.

കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, ചൊവ്വന്നൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, കടങ്ങോട് എന്നീ പഞ്ചായത്തുകളിലും കുന്നംകുളം നഗരസഭയിലുമാണ് മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരോട് കൂടുതൽ ജാഗ്രത പുലർത്താൻ മന്ത്രി നിർദേശിച്ചു.

മാസ്ക് ധരിക്കൽ, കൈ കഴുകൽ, വീടും പരിസരവും ശുചീകരിക്കൽ എന്നിവ ഇനിയും ജാഗ്രതയോടെ തുടരേണ്ട പ്രവർത്തനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്തു തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾക്കായി ഉച്ചഭാഷിണി ഉപയോഗിക്കണം. കമ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണമെത്തിക്കുമ്പോൾ പ്രവർത്തകർ അകലം പാലിക്കണം. പൊതു ഇടങ്ങളിൽ ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്ന പ്രവണത വേണ്ട. തെരുവിൽ കഴിയുന്നവർക്ക് താമസവും ഭക്ഷണവും കൃത്യമായി ഒരുക്കിക്കൊടുക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളെ സുരക്ഷിതരാക്കണമെന്നും വിവിധ പഞ്ചായത്ത് അവലോകന യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു.

ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, വാർഡുതല ഗ്രൂപ്പുകൾ എന്നിവ ദൈനംദിന പ്രവർത്തനങ്ങൾ ചുമതല വഹിക്കുന്ന ആളുമായി വിലയിരുത്തി മുന്നോട്ടു പോകണമെന്നും മന്ത്രി നിർദ്ദേശം നൽകി.

Comments are closed.