1470-490

സംസ്ഥാനത്തെ പ്രധാന മത- സാമുദായിക നേതാക്കൾ ഒപ്പിട്ട അഭ്യര്‍ത്ഥന

ലോകം അതിന്‍റെ ചരിത്രത്തിലെ ഭീതിദമായ വെല്ലുവിളി നേരിടുകയാണ്. കൊറോണ വൈറസ് 196 രാജ്യങ്ങളെ ഗ്രസിച്ചുകഴിഞ്ഞു. ലോകാരോഗ്യ സംഘടന മഹാവ്യാധിയായി പ്രഖ്യാപിച്ച കോവിഡ് 19 രോഗം നമ്മുടെ നാടിനെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. അതിസമ്പന്നവും വികസിതവുമായ രാഷ്ട്രങ്ങള്‍ പോലും നിസ്സഹായരായി അമ്പരന്നു നില്‍ക്കുകയാണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവനെന്നോ അല്ലാത്തവനെന്നോ ഭേദമില്ലാതെ പടര്‍ന്നുപിടിക്കുന്ന ഈ വൈറസിനെതിരായ പോരാട്ടം മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെയുള്ള സമരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

രാജ്യത്ത് കോവിഡ് 19 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. വിദേശത്തുനിന്ന് രോഗബാധയുമായി എത്തിയ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിന് കേരളത്തിലെ ആരോഗ്യസംവിധാനത്തിന് സാധിച്ചു. തുടര്‍ന്ന് യൂറോപ്പില്‍ നിന്നെത്തിയ കുടുംബത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും രോഗവ്യാപന ഭീഷണി ഉയര്‍ന്നു. പിന്നീട് പല വിദേശ രാജ്യങ്ങളില്‍നിന്നും നാട്ടിലെത്തുന്നവരില്‍ രോഗം കണ്ടെത്തി.

സര്‍ക്കാരിന്‍റെ ജാഗ്രതയും ഫലപ്രദമായ ഇടപെടലുംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കാനും വൈറസ് ബാധിച്ചവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം തടഞ്ഞുനിര്‍ത്താനും കഴിയുന്നുണ്ട്. ഇത് കേരളത്തിന്‍റെ വലിയ വിജയമാണ്. നമ്മുടെ ഈ മാതൃക ലോകമാകെ ശ്രദ്ധിക്കുന്നുണ്ട്; പ്രകീര്‍ത്തിക്കുന്നുണ്ട്.

പല പ്രതിസന്ധികളെയും മറികടന്നവരാണ് കേരളീയര്‍. കൂടുതല്‍ ആക്രമണകാരിയായ കൊറോണ വൈറസിനെയും ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ട്. അതിനു വേണ്ടത് ജാതിമതാദി വേര്‍തിരിവുകളില്ലാതെയും ഒരു അതിര്‍വരമ്പിനെയും കൂസാതെയുമുള്ള ഐക്യമാണ്. അത് നമുക്ക് വേണ്ടത്ര അളവിലുണ്ട്.

വൈറസ് ബാധ ചെറുക്കാന്‍ നാം നമ്മുടെ ആരാധനാ ക്രമങ്ങളില്‍ നിയന്ത്രണം വരുത്തി. മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് ജീവനും ജീവിതവും. ഈ ബോധ്യത്തോ സഹജീവിസ്നേഹം എന്ന അത്യുദാത്തമായ മാനവിക വികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം ഈ മഹാവ്യാധിയെ നേരിടുകയാണ്.

ഒരുവശത്ത് രോഗഭീഷണിയില്‍നിന്ന് സ്വയം മുക്തമാകുക. മറുവശത്ത് മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കരുതല്‍ നല്‍കുക. ഇതു രണ്ടും അനുവര്‍ത്തിച്ചുകൊണ്ടാണ് നാം മുന്നോട്ടുപോകുന്നത്. ആ മുന്നേറ്റത്തില്‍ നമുക്കു മുന്നില്‍ നമ്മുടെ സര്‍ക്കാരുണ്ട്. നമ്മുടെയുള്ളില്‍ ആശങ്കയല്ല; ജാഗ്രതയാണുള്ളത്. നമുക്ക് നൈരാശ്യമല്ല; പ്രതീക്ഷയാണുള്ളത്. ഈ ജാഗ്രതയുടെയും പ്രതീക്ഷയുടെയും കിരണങ്ങള്‍ ഇന്നാട്ടിലെ ഓരോ മനുഷ്യനെയും മുന്നോട്ടുനയിക്കേണ്ടതുണ്ട്. വ്യത്യസ്ത മത, സാമുദായിക വിഭാഗങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍, പ്രിയപ്പെട്ടവരെ നിങ്ങളോരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു: ഒന്നിച്ചുനില്‍ക്കുക; പതറാതെ ഈ വിപത്തിനെ അതിജീവിക്കാന്‍ മുന്നേറുക.

യാത്രാ നിയന്ത്രണങ്ങളാലും മറ്റും കേരളത്തിലേക്ക് വരാനാകാതെ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി കഴിയുന്ന നമ്മുടെ സഹോദരങ്ങളുണ്ട്. അവരും ഈ പോരാട്ടത്തില്‍ നമ്മോടൊപ്പമുണ്ട്. അവരെക്കുറിച്ചും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെക്കുറിച്ചും നാം കരുതലുള്ളവരായിരിക്കണം.

രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. ദൈനംദിന ജീവിതം കടുത്ത നിയന്ത്രണത്തിലാണ്. അത്തരം നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. വീടുകളില്‍ കഴിയുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഹായകമായ ഇടപെടലുകള്‍ നടത്തണം. നമ്മുടെ സ്ഥാപനങ്ങള്‍ അത്തരം പൊതു കാര്യങ്ങള്‍ക്കായി ഉപയുക്തമാക്കണം. സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് ഈ നാടിന്‍റെ രക്ഷാദൗത്യം ഏറ്റെടുക്കാന്‍ നമ്മള്‍ ഓരോരുത്തരും തയ്യാറാകേണ്ട അനിവാര്യഘട്ടമാണ് ഇത് എന്ന് എല്ലാവരെയും ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

പല രാജ്യങ്ങളിലെയും അനുഭവം കാണിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുള്ള വയോ
ജനങ്ങളാണ് ഈ രോഗത്തിന് വേഗത്തില്‍ വിധേയരാകുന്നത് എന്നാണ്. കേരളത്തിലാകട്ടെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ധാരാളമുണ്ട്. അവരെ രോഗത്തില്‍നിന്ന് സംരക്ഷിച്ചുനിര്‍ത്തുക. അവരെ നന്നായി പരിപാലിക്കുക. ഇതു രണ്ടും നമ്മുടെ കടമയാണ്. രോഗസാഹചര്യത്തെ നേരിടുമ്പോള്‍ ഇതുകൂടി നിങ്ങളുടെ മനസ്സില്‍ ഉണ്ടാവണമെന്ന് ഓര്‍മിപ്പിക്കട്ടെ.

സയ്ദ് മുത്തുക്കോയ ജിഫ്രി തങ്ങള്‍
പ്രസിഡന്‍റ്, കേരള ജമായത്ത് ഉല്‍-ഉലമ സമസ്ത

വെള്ളാപ്പള്ളി നടേശന്‍
ജനറല്‍ സെക്രട്ടറി, എസ്.എന്‍.ട്രസ്റ്റ്

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
മേജര്‍ ആര്‍ച്ച് ബിഷപ്പ്, സീറോ മലബാര്‍

കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍
പ്രസിഡന്‍റ്, കേരള മുസ്ലീം ജമാത്ത് സമസ്ത (എ.പി.സുന്നി)

ജി. സുകുമാരന്‍ നായര്‍,
ജനറല്‍ സെക്രട്ടറി, എന്‍.എസ്.എസ്.

മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ്
മേജര്‍ ആര്‍ച്ച് ബിഷപ്പ്, സീറോ മലങ്കര ചര്‍ച്ച്

ബിഷപ്പ് ജോസഫ് കാരിയില്‍
ആര്‍ച്ച് ബിഷപ്പ് ഹൗസ്, ഫോര്‍ട്ട്കൊച്ചി

ഡോ. സൂസപാക്യം
മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ്, ലാറ്റിന്‍

പുന്നല ശ്രീകുമാര്‍
ജനറല്‍ സെക്രട്ടറി, കേരള പുലയര്‍ മഹാസഭ

ഹുസൈന്‍ മടവൂർ
ജനറല്‍ സെക്രട്ടറി, കേരള നടുവത്തുല്‍ മുജാഹിദ്

ബസേലിയോസ് മാര്‍ത്തോമ പൗലോസ് കക
മേജര്‍ ആര്‍ച്ച് ബിഷപ്പ്, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്

പുത്തന്‍കുരിശ് ബാവ
ജാക്കോബൈറ്റ്

എ. ധര്‍മ്മരാജ് റസാലം
ബിഷപ്പ്, സി.എസ്.ഐ

ഡോ. ജോസഫ് മാര്‍ത്തോമ മെട്രോപോളിറ്റന്‍
മലങ്കര മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച്

കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി
പ്രസിഡന്‍റ്, കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍

ഡോ. റ്റി. വത്സന്‍ എബ്രഹാം
പെന്തക്കോസ്ത്

Comments are closed.