1470-490

വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം

കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിനായി നാമെല്ലാം വീട്ടിലിരുന്ന് പ്രതിരോധിക്കുക എന്ന പൊതുതന്ത്രമാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. അതു കൊണ്ടുതന്നെ പ്രതിരോധ പ്രവർത്തനങ്ങളിൽ പുറത്തുപോകേണ്ട ദൗത്യങ്ങൾക്ക് ചുമതലപ്പെട്ടവരൊഴിച്ചുളള എല്ലാവരും വീട്ടിനുള്ളിൽ തന്നെ കഴിയുന്നു എന്നുറപ്പു വരുത്താനുള്ള ചുമതല ഓരോ അധ്യാപകനും ഏറ്റെടുക്കണം. തങ്ങളുടെ ക്ലാസുകളിലെ കുട്ടികളും രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ട് ആത്മവിശ്വാസം പകരുന്നതിനോടൊപ്പം ഭയമില്ലാതെ, ജാഗ്രതയോടെ വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കണമെന്നും വീട് വിട്ട് പുറത്തിറങ്ങരുതെന്ന് ഓർമ്മിപ്പിക്കുകയും വേണം.
കുട്ടികൾ പലരും പരീക്ഷ കഴിഞ്ഞവരാണ്. ചിലർക്ക് ഏതാനും പരീക്ഷകൾ കൂടിയുണ്ട്. പരീക്ഷ എഴുതുവാനുള്ളവരെ അതിനുവേണ്ടി നല്ലതുപോലെ തയ്യാറെടുക്കുവാനും അധികമായി വായിക്കുവാനും പ്രോത്സാഹിപ്പിക്കണം. പരീക്ഷകഴിഞ്ഞവരോട് ധാരാളം പുസ്തകങ്ങൾ വായിക്കാൻ പറയാം. വീട്ടിൽ കഴിയുന്ന സമയം ഭാവിയിലേക്കുള്ള തയ്യാറെടുപ്പു കൂടിയാകണം. തന്റെ വിദ്യാലയം തനിക്കും കുടുംബത്തിനും ഒപ്പം ഉണ്ടെന്ന് ഓരോ കുട്ടിക്കും തോന്നണം.
ജൈവവൈവിധ്യ ഉദ്യാനങ്ങളിലൂടെ പല വിദ്യാലയങ്ങളും പഴങ്ങളും പച്ചക്കറികളും ഉല്പാദിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഭക്ഷ്യവസ്തുക്കളും ബാക്കിയുണ്ടാകും.അവയെല്ലാം സമൂഹ അടുക്കളക്ക് കൈമാറണം. ഓരോ സ്കൂളിന്റേയും അടുക്കളയിൽ വിവിധ സൗകര്യങ്ങളുണ്ട്. അവയെല്ലാം ഉപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങളുടെ ആഭിമുഖ്യത്തിൽ സമൂഹ അടുക്കള ഉണ്ടാക്കി ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണമെത്തിക്കുവാൻ പൊതുവിദ്യാലയങ്ങളുടെ ശ്രദ്ധയും സഹകരണവും ഉണ്ടാകണം.
രോഗപ്രതിരോധത്തിന്റെ ഒരോഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള ആവശ്യമോ സന്നദ്ധപ്രവർത്തനമോ വേണ്ടി വന്നാൽ ലഭ്യമായ സൗകര്യങ്ങളുപയോഗപ്പെടുത്തി ആരോഗ്യവകുപ്പിന്‍െറയും തദ്ധേശഭരണസ്ഥാപനങ്ങളുടേയും നിര്‍ദ്ധേശങ്ങള്‍ക്കനുസരിച്ച് അവ ഏറ്റെടുക്കാന്‍ അധ്യാപകര്‍ തയ്യാറാകണം.

Comments are closed.