1470-490

കോവിഡ് ബാധിതരോട് ഫോണില്‍ സംസാരിച്ച് മന്ത്രി കെ.ടി. ജലീല്‍

മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരെ നേരിട്ടു ടെലഫോണില്‍ വിളിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ വിവരങ്ങള്‍ ആരാഞ്ഞു. കലക്ടറേറ്റില്‍ രാവിലെ നടന്ന അവലോക യോഗത്തിനിടയിലാണ് രോഗ ബാധിതരോട് മന്ത്രി സംസാരിച്ചത്. ഐസൊലേഷന്‍ വാര്‍ഡുകളിലുള്‍പ്പെടെയുള്ള സൗകര്യങ്ങളെ കുറിച്ചും ലഭ്യമാകുന്ന ചികിത്സകളെ സംബന്ധിച്ചും മന്ത്രി അവരോട് ചോദിച്ചു മനസിലാക്കി.
ആശുപത്രികളില്‍ നല്‍കുന്നത് മികച്ച ചികിത്സയും പോഷകപ്രദമായ ആഹാരവുമാണെന്ന് മന്ത്രിയോട് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഒന്നുമോര്‍ത്ത് പേടിക്കരുതെന്നും ഭയം ആവശ്യമില്ലെന്നും എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നും വേഗത്തില്‍ അസുഖത്തില്‍ നിന്ന് മുക്തി നേടട്ടെയെന്നും മന്ത്രി അവരോട് പറഞ്ഞു. എന്താവശ്യമുണ്ടെങ്കിലും തന്നെയും ജില്ലാ കലക്ടറെയും നേരിട്ടു വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടു ഫോണില്‍ ലഭിക്കാത്ത അസുഖബാധിതരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. അസുഖ ബാധിതരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണെന്ന് പിന്നീട് മന്ത്രി പറഞ്ഞു.

Comments are closed.