കോവിഡ്19: കോഴിക്കോട് ജില്ലയില്‍ ആകെ 10654 പേര്‍ നിരീക്ഷണത്തില്‍

കോവിഡ്19 മായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് (28/3) പുതുതായി നിരീക്ഷണത്തില്‍ വന്ന 180 ഉള്‍പ്പെടെ ആകെ 10654 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 20 പേര്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ബീച്ച് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന 19 പേരുടെയും ഫലം നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ അവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് ആറ് സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 244 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 227 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചു. 218 എണ്ണം നെഗറ്റീവാണ്. ഇന്നലെ (27/3) വരെ ലഭിച്ച 9 പോസിറ്റീവ് കേസുകളില്‍ 6 പേര്‍ കോഴിക്കോട് സ്വദേശികളും 2 പേര്‍ കാസര്‍കോഡ് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ഇനി 17 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയിലെ പ്രതിരോധ നടപടികള്‍
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 29 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. കൂടാതെ 471 പേര്‍ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം തേടി. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ബോധവല്‍ക്കരണം തുടര്‍ന്നുവരുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ സര്‍വ്വെലന്‍സ് ഓഫീസര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ സാംബശിവറാവു ജില്ലയിലെ പഞ്ചായത്ത ്‌സെക്രട്ടറിമാരുമായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കുവേണ്ടി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ ലഹരിവിമുക്ത ചികിത്സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ബീവറേജസ് ഷോപ്പുകളും ബാറുകളും അടച്ചശേഷം ലഹരികിട്ടാതെ വരുമ്പോഴുളള ശാരീരിക/മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കുളള ചികിത്സാരീതിയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ചികിത്സാ പ്രോട്ടോകോള്‍ ചര്‍ച്ച ചെയ്തു. വീഡിയോകോണ്‍ഫറന്‍സില്‍ ജില്ലാ മാനസികാരോഗ്യപദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് ഇസുദ്ദീന്‍ ലഹരി വിമുക്ത കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റ് ഡോ.ടോംവര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
അഗതികളെ പാര്‍പ്പിക്കുന്ന മന്ദിരങ്ങളില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ക്യാമ്പ് നടത്തുകയും 50 പേര്‍ക്ക് ലഹരിവിമുക്ത ചികിത്സയും മാനസികാരോഗ്യ ചികിത്സയും നല്‍കി. ക്യാമ്പുകള്‍ക്ക് ഡോ.മുഹമ്മദ് ഇസുദ്ദീന്‍, ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments are closed.