കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,525 ആയി. 80 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 65 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ട്, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് രോഗികളും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 11,420 പേര്‍ വീടുകളിലും 25 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
405 പേര്‍ക്ക് വൈറസ് ബാധയില്ല
ജില്ലയില്‍ ഇതുവരെ ലഭിച്ച പരിശോധന ഫലങ്ങളില്‍ 405 പേര്‍ക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 105 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്നലെ (മാര്‍ച്ച് 28) 5,925 വീടുകളില്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ള 167 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) വിദഗ്ധ സംഘം കൗണ്‍സലിംഗ് നല്‍കി.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.
Comments are closed.