1470-490

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു


ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വെളളിയാഴ്ച (മാർച്ച് 27) ലഭിച്ച 68 പരിശോധനഫലങ്ങളിൽ ഈ ഒരെണ്ണം ഒഴികെ 67 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി. ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 4 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 26 സാമ്പിളുകൾ വെളളിയാഴ്ച (മാർച്ച് 27) പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 552 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 26 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13455 ആയി. വീടുകളിൽ 13408 പേരും ആശുപത്രികളിൽ 47 പേരുമാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (മാർച്ച് 27) 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ വിടുതൽ ചെയ്തു. 57 പേർ വീടുകളിലെ ക്വാറന്റൈൻ പൂർത്തിയാക്കി.
ജില്ലാ കൺട്രോൾ സെല്ലിലേക്ക് 487 അന്വേഷണങ്ങൾ ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്.
പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങൾ, നിരത്തുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ ആരോഗ്യവകുപ്പും അഗ്നിശമന വിഭാഗവും അണുവിമുക്തമാക്കി. തൃശൂർ നഗരസഭാ പരിധിയിലുളള അഗതികളെ ഗവൺമെന്റ് മോഡൽ ബോയ്‌സ്, ഗേൾസ് സ്‌കൂളുകളിൽ മാറ്റിപാർപ്പിച്ചു. 341 പേരെ ഇപ്രകാരം മാറ്റിപാർപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ നിന്നുളള യാത്രക്കാരെ താമസിപ്പിച്ചിരിക്കുന്ന കെയർ സെന്ററുകളിൽ 220 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർക്ക് വേണ്ട വൈദ്യപരിശോധന തുടരുന്നു.

Comments are closed.