1470-490

വായിച്ചു വീട്ടിലിരിക്കാൻ പുന്നയൂർക്കുളം പഞ്ചായത്തിന്റെ ഹെൽപ്പ് ലൈൻ ഡസ്‌ക്ക്

പുന്നയൂർക്കുളം പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പഞ്ചായത്ത് ഹെൽപ്പ് ലൈനിലേക്ക് വിളിച്ചാൽ വായിക്കാനുള്ള പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകും. കോവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ആളുകൾക്ക് മാനസിക സംഘർഷം ഒഴിവാക്കാനാണ് പഞ്ചായത്ത് വായനയെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി പഞ്ചായത്തിലെ വായനശാലകളെയും വളണ്ടിയർമാരേയും സജ്ജമാക്കി. ഒരു ഫോൺ കോളിൽ ക്രിയേറ്റീവ്, തൂലിക, സപര്യ, കാസ്‌ക്കോഅഖിൽ വായനശാല, ബാലമണിയമ്മ സ്മാരക വായനശാല എന്നീ വായനശാലകളിൽ നിന്ന് പുസ്തകങ്ങൾ വീട്ടിൽ എത്തും. ഹെൽപ് ലൈൻ നമ്പറിലേക്ക് 04872542243 ഏത് സമയവും ബന്ധപ്പെടാം.
ഒറ്റക്കിരുന്ന് മാനസിക സമ്മർദ്ദങ്ങൾക്ക് ആരും അടിമപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കമിട്ടത്. വായിക്കാനും എഴുതാനും സർഗാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടാനുമൊക്കെ ലോക്ക് ഡൗൺ സമയം ഉപയോഗിക്കാം.
ശരീരത്തിന് ഭക്ഷണം എന്നത് പോലെ അറിവുണ്ടാകാൻ നല്ല വായനയും വേണം. മനസിന്റെ വിശപ്പകറ്റാൻ വായനക്ക് സാധിക്കും എന്ന ഉറപ്പിലാണ് ഈ മുന്നേറ്റമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറഞ്ഞു. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയാനും അറിയിക്കാനും ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം.

Comments are closed.