വീട്ടിലേക്ക് അരി വേണം സർ, പോലീസ് നരനായാട്ട് അതിര് കടക്കുന്നു – ഉമ്മറിൻ്റെ അനുഭവം
കൊറോണ പ്രതിരോധ പ്രവർത്തനം ഒരു തരി തെറ്റാതെ നടക്കണം എന്ന കാര്യത്തിൽ സംശയമില്ല. അതിൻ്റെ പേരിലുള്ള പോലീസ് നരനായാട്ട് അവസാനിപ്പിച്ചേ തീരൂ. അവശ്യ സാധനങ്ങൾ പോലും വാങ്ങാൻ പുറത്തിറക്കാൽ പറ്റാത്ത അവസ്ഥ വന്നാൽ സ്വന്തം കുട്ടികൾ വിശന്നു കരഞ്ഞാൽ ജനം നിയമം കയ്യിലെടുത്തേക്കുമെന്ന് പോലീസ് മറക്കരുത്’ സർക്കാറിൻ്റെ നിർദ്ദേശവും പോലീസിൻ്റെ പെരുമാറ്റവു തീരെ ഒത്തു പോകുന്നില്ല’ വല്ലപ്പുഴ സ്വദേശി ഉമ്മറിൻ്റെ അനുഭവം
കാലത്ത് പത്ത് മണിയോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വേണ്ടി, സ്ഥിരം പോകാറുള്ള പലചരക്ക് കടയിലെത്തിയപ്പോൾ ഷട്ടറും താഴ്തി പുള്ളി വീട്ടിലിരിപ്പ്.
“സ്റ്റോക്ക് തീർന്നിരിക്കുന്നു” എന്ന ബോർഡും…
(ഓർക്കണം ഞങ്ങൾ മേലെപൊട്ടച്ചിറ നിവാസികൾ ഉപ്പുമുതൽ കർപ്പൂരം വരെ വാങ്ങാൻ ആശ്രയിക്കുന്ന ഒരെ ഒരു പല വ്യജ്ഞനകടയാണ്, അടഞ്ഞു കിടക്കുന്നത്, അത്യാവശ്യ സാധനങ്ങൾക്ക് ഒരു മുടക്കവും വരില്ലെന്ന്, കേന്ദ്രസർക്കാരും കേരള സർക്കാരും നാഴിക്കു നാപ്പത് വട്ടം പറയുമ്പോളും)
ബൈക്ക് എടുത്ത് ഉടനെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള (വല്ലപ്പുഴ) അങ്ങാടിയിലേക്ക് പോയി.
അത്യാവശ്യ വിഭാഗത്തിൽ പെട്ട ഭൂരിഭാഗം കടകൾ പോലും അടഞ്ഞ് കിടപ്പാണവിടെ.., കാരണം ഭക്ഷ്യസാധനങ്ങളുടെ ദൗർലഭ്യം തന്നെ.
അത്യാവശ്യത്തിന്ന് അടിപിടിക്ക് പേരുകേട്ട നാടായതു കൊണ്ടായിരിക്കാം ലോക് ഡൗൺപ്രഖ്യാപിച്ച അന്ന് തൊട്ടെ
വല്ലപ്പുഴയിൽ സ്ഥിരം പോലീസ് പാറാവുമുണ്ട്.
എന്നിരുന്നാലും ആഹാര സാധനങ്ങൾ അനിവാര്യ ഘടകമല്ലേ,
അത് വാങ്ങാൻ എന്ത് വിലക്ക്..?
കൂടെ സർക്കാറിന്റെ ഉറപ്പും..
അരി കിട്ടിയാൽ കഞ്ഞി വെള്ളമെങ്കിലും കുടിച്ച് വയറ് നിറക്കാലോ..?
ഇത്തരം ക്ഷാമം മുന്നിൽ കണ്ട് അയൽവാസികളിൽ ഭൂരിഭാഗവും
ഭക്ഷണ സാധനങ്ങൾ മുൻകൂട്ടി വാങ്ങി വെച്ചപ്പോൾ, സർക്കാറിന്റെ വാക്കും വിശ്വസിച്ച് നിഷ്ക്രിയനായിരുന്ന ഞാനെത്ര വിഢി..?
ആലോചിച്ച് നടക്കുന്നതിനടയിൽ ആണ് അടഞ്ഞ് കിടക്കുന്ന, ഒരു കടയിൽ നിന്നും ആളനക്കം കണ്ടത്. എന്നെ ശ്രദ്ധയിൽ പെട്ടതും പരിചയക്കാരനായ കട ഉടമ എനിക്കും വാതിൽ തുറന്നു തന്നു.
(എന്നെ പോലെ നാലഞ്ച് പേർ വേറെയുമുണ്ടവിടെ )
“മൻസൂറെ ഒരു പത്ത് കിലോ അരി “
” അയ്യോ അരി പാടെ കഴിഞ്ഞല്ലോ ഉമ്മറാക്കാ”
“ന്നാ അഞ്ചുകിലോ പഞ്ചാര താ”
“ഇല്ല ട്ടോ ഏറി വന്നാ രണ്ട് കിലോ “
കിട്ടിയതാവട്ടെ എന്നും ധരിച്ച്,
മൻസൂർ തന്ന സാധനങ്ങൾ സഞ്ചിയിൽ ഒതുക്കുന്നതിനിടയിലാണ്,
പുറത്ത് അതു വഴി ആവശ്യത്തിനും അനാവശ്യത്തിനും വരുന്നവരെ,
ഒരു പോലെ ഓടിപ്പിച്ചടിക്കുന്ന പോലീസ്…
കൂട്ടത്തിൽ ഒരു സാർ കടക്ക് മുമ്പിൽ പാർക്ക് ചെയ്തിരുന്ന എന്റെ ബൈക്കിന്റെ ചാവിയും എടുത്ത് പോക്കറ്റിലിട്ട് നടന്നു പോകുന്നത് കണ്ടു.
അത്യാവശ്യ സാധനങ്ങൾ മേടിക്കാൻ വന്നതല്ലേ സാധനങ്ങളും കൈയിലുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ചാവി ആവശ്യപ്പെട്ട് ഞാൻ പോലീസുകാരുടെ അടുത്തേക്ക് ചെന്നത്…
“സാർ എന്റെ ബൈക്കിന്റെ ചാവി.
കണ്ടില്ലേ ഞാൻ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വന്നതാണ് “
“എന്നിട്ട് ചാവി വണ്ടിയിലാണോടാ വെക്കുക. ന്നാ പോ”
ചാവി വാങ്ങി പിന്തിരിഞ്ഞതും
പുറത്തേറ്റ പ്രഹരം…
വിശ്വാസിക്കാനായില്ല.
വേദനയെക്കാളേറെ പരിചയമുള്ള പലരും അതു നോക്കി കാണുന്നുണ്ട് എന്ന സങ്കടം.
മുതുകിൽ ആ അടിപ്പാടിന്റെ വേദന ഒരു നീറ്റലായി ഇതെഴുതുമ്പോളും അവശേഷിക്കുന്നുണ്ട്. ഇനി വീട്ടിലെത്തിയിട്ടു വേണം മുറിപ്പാടെത്ര മാത്രമുണ്ടെന്ന് ഷർട്ടഴിച്ചു നോക്കാൻ….
നിയമ വ്യവസ്ഥിതിയെ പൂർണ്ണമായും അനുകൂലിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് ഇരു സർക്കാറുകളോടും ഒരു അപേക്ഷയുണ്ട്.
അത്യാവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള മാർഗ്ഗങ്ങൾ കൂടി ബന്ധപ്പെട്ടവർ ഉടനെ കണ്ടെത്തുക. അല്ലെങ്കിൽ എന്നെ പോലത്തെ പല നിരപരാധികളും ഇനിയും ഇതുപോലെ അടി വാങ്ങേണ്ടി വരും.

Comments are closed.