മുളകുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കള

കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച അടച്ചിടൽ നടപടികളെ നേരിടുന്നതിന്റെ ഭാഗമായി മുളകുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കള പ്രവർത്തനമാരംഭിച്ചു.
കിലയിൽ ക്വാറന്റൈനിലുള്ള 250 പേർക്ക് അത്യാവശ്യമായി ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അടിയന്തരമായി ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കള പ്രവർത്തനമാരംഭിച്ചത്.
ജില്ലയിലും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി കിലയിൽ നിരീക്ഷണത്തിലുള്ള 250 പേർക്ക് രണ്ടുനേരം ആഹാരം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കള ആരംഭിച്ചിരിക്കുന്നത്.
250 പേർക്ക് ഉച്ചഭക്ഷണവും വൈകീട്ടുള്ള ഭക്ഷണവുമാണ് എത്തിച്ചു കൊടുക്കുക. ഉച്ചയ്ക്ക് ചോറും കറികളും വൈകീട്ട് കഞ്ഞിയും പുഴുക്കും അച്ചാറുമാണ് 250 പേർക്കും എത്തിക്കുക.
ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള കല്യേപ്പടി സൗഭാഗ്യ കുടുംബശ്രീ അംഗങ്ങളാണ് ഇവർക്ക് വേണ്ട ഭക്ഷണം ഒരുക്കുന്നത്. കിലയിൽ ക്വാറന്റൈൻ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ കളക്ടറുടെ നിർദ്ദേശപ്രകാരം മൂന്നുനേരം ഭക്ഷണം നൽകിയിരുന്നതും ഈ ഗ്രാമപഞ്ചായത്തായിരുന്നു. ഇതിനുപുറമേ പഞ്ചായത്തിന് കീഴിൽ അഗതികളായവർക്കും ക്വാറന്റൈനിൽ ഉള്ള 28 കുടുംബങ്ങൾക്കും പൊതിച്ചോറ് രണ്ടുനേരവും നൽകി വരുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ അതത് വാർഡിലെ അഗതികളെയും ക്വാറന്റൈനിൽ ഉള്ളവരെയും തിരഞ്ഞുപിടിച്ച് അവർക്കുവേണ്ട പൊതിച്ചോറ് എത്തിച്ചു നൽകുന്നുണ്ട്. നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും സമൂഹ അടുക്കളകൾ ഇതിനോടകം പ്രവർത്തനമാരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേർന്നാണ് സമൂഹ അടുക്കളകൾ സംഘടിപ്പിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ നിന്ന് തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവർക്കും സ്വന്തമായി പാചകം ചെയ്യാത്തവരും കൂടുതലായി താമസിക്കുന്ന ഇടങ്ങളിലാണ് അടിയന്തര പ്രാധാന്യത്തോടെ സമൂഹം അടുക്കളകൾ സജ്ജമാക്കുന്നത്.
Comments are closed.