1470-490

യുവാവ് മദ്യം ലഭിക്കാതെ മരിച്ച വാർത്ത വാസ്തവ വിരുദ്ധമെന്ന് നാട്ടുക്കാർ.

കുന്നംകുളം: കേച്ചേരി തുവ്വാന്നൂരിൽ യുവാവ് മദ്യം ലഭിക്കാതെ മരിച്ച വാർത്ത വാസ്തവ വിരുദ്ധമെന്ന് നാട്ടുക്കാർ. മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുവെങ്കിലും സനോജിന്റെ മരണ കാരണം മദ്യം ലഭിക്കാത്തതല്ലെന്നാണ് നാട്ടുക്കാരുടെ പക്ഷം. പെയിന്റ് തൊഴിലാളിയായ ഇയാൾ രാവിലെ കൃത്യമായി എല്ലാ ദിവസവും ജോലിക്ക് പോകുകയും വീട്ടിലേക്ക് ആവശ്യമായ സാധന സമാഗ്രികൾ എത്തിച്ചു നൽകുകയും പതിവായിരുന്നു. മാതാവിന് വാർധ്യക സഹജമായ അസുഖങ്ങൾ ഉള്ളതിനാൽ പലപ്പോഴും പാചകവും ഇയാൾ തന്നെയാണ് ചെയ്തിരുന്നതെന്നും പറയുന്നു.  രാത്രിയിൽ സമാന്യം നല്ല രീതിയിൽ മദ്യപിക്കുമായിരുന്നുവെങ്കിലും രാവിലെ ജോലിക്ക് പോകുന്ന പതിവുമുണ്ടായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആരോഗ്യ വിഭാഗം ജീവനക്കാരും, ആശ പ്രവർത്തകരും ഇയാളുടെ വീട്ടിലെത്തിയിരുന്നു. ചെറിയ രീതിയിൽ ചുമയും പനിയും ഉണ്ടായിരുന്നതിനാൽ മാതാപിതാക്കളോട് പുറത്തിറങ്ങരുതെന്നും വീട്ടിൽ തന്നെ വിശ്രമിക്കണമെന്നും, ഭക്ഷണം ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് മാതാപിതാക്കളോട് തനിക്ക് കൊറോണ വരുമെന്നും, തന്റെ അടുത്ത് വരരുതെന്നും സനോജ് പലവട്ടം ആവശ്യപ്പെടുകയും, ഇവരെ ചീത്തവിളിക്കുകയും ചെയ്തിരുന്നു. തനിക്ക് രോഗം ബാധിക്കുമെന്ന ഭീതിയെ തുടർന്ന് ഇയാൾ വീടിന് പുറത്തിറങ്ങിയിരുന്നില്ലെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും നാട്ടുക്കാർ വ്യക്തമാക്കി. ഇതാകാം ആത്മഹത്യയിലേക് നയിച്ചതെന്നാണ് നാട്ടുക്കാരുടെ ഭാഷ്യം. മദ്യം ലഭിക്കാത്തത് മൂലമാണ് ആത്മഹത്യ ചെയ്തതെന്ന മൊഴി നൽകിയ ബന്ധുക്കൾക്ക് കാലങ്ങളായി  സനോജിന്റെ കുടുംബവുമായി ബന്ധമില്ലായിരുന്നുവെന്നും നാട്ടുക്കാർ പറഞ്ഞു. ചില ഓൺലൈൻ മാധ്യമങ്ങളും, മുഖ്യധാര ചാനലുകളും, ബന്ധുകൾ നൽകിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ വാർത്ത നൽകുകയായിരുന്നുവെന്നും പ്രദേശവാസികൾ വ്യക്തമാക്കി.

Comments are closed.