1470-490

ലോക്ക് ഡൗൺ: ആരവങ്ങളില്ലാതെ കൊടുങ്ങല്ലൂർ ഭരണി

ഒരാൾ മാത്രമായി ചരിത്രംകുറിച്ച് കാവ് തീണ്ടൽ

സർക്കാർ പ്രഖ്യാപിച്ച ലോക ഡൗണിന്റെയും നിരോധനാജ്ഞയുടെയും പശ്ചാത്തലത്തിൽ, ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും പതിനായിരകണക്കിന് ഭക്തജനങ്ങളും ഇല്ലാതെ കൊടുങ്ങല്ലൂരിൽ കുരുംബക്കാവ് തീണ്ടി. പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയാഘോഷത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ മാത്രമായി അശ്വതിക്കാവ് തീണ്ടിയത്. പരമ്പരാഗത അവകാശിയായ പാലക്കവേലൻ ദേവീദാസനാണ് ഏകനായ് കാവ് തീണ്ടാൻ നിയോഗം ലഭിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണും, കൊടുങ്ങല്ലൂരിൽ പ്രത്യേകമായി പ്രഖ്യാപിച്ച നിരോധനാജ്ഞയും മൂലം കുരുംബക്കാവിലെ ഭരണിയാഘോഷം ചടങ്ങിലൊതുക്കുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്ന കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൽ ഇത്തവണ ജനക്കൂട്ടം ഉണ്ടാവുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ചടങ്ങുകൾ മാത്രമാക്കി ഉത്സവം ലളിതമാക്കി നടത്തുവാൻ ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചു. ജനകീയ ഉത്സവമായ മീനഭരണിയാഘോഷത്തിന് ഈ വർഷവും ആളു കൂടുമെന്നതിനതിനാലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
വലിയ തമ്പുരാന്റെ ചുമതല വഹിക്കുന്ന രഘുനന്ദനൻ രാജ രാവിലെ എട്ട് മണിയോടെ കോട്ട കോവിലകത്ത് നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പല്ലക്ക് ഒഴിവാക്കി കാൽനടയായാണ് തമ്പുരാൻ എത്തിയത്.ക്ഷേത്ര ദർശനത്തിന് ശേഷം വിശേഷാൽ പൂജകൾക്ക് തമ്പുരാൻ അനുമതി നൽകി. ഉച്ചക്ക് ഒരു മണിയോടെ സവിശേഷമായ തൃച്ചന്ദന ചാർത്ത് പൂജ ആരംഭിച്ചു. മഠത്തിൽ മഠം, കുന്നത്ത് മഠം, നീലത്ത് മഠം എന്നിവിടങ്ങളിലെ പ്രതിനിധികളായ മൂന്ന് പേർ ശാക്തേയ വിധിപ്രകാരമുള്ള പൂജ നിർവ്വഹിച്ചു. ഏഴര നാഴിക നീണ്ട പൂജയ്‌ക്കൊടുവിൽ നിലപാട് തറയിൽ ഉപവിഷ്ടനായ വലിയ തമ്പുരാന്റെ അനുമതി അറിയിച്ചു കൊണ്ട് കോയ്മ ചുവന്ന പട്ടു കുടയുയർത്തി. തുടർന്നായിരുന്നു കാവ് തീണ്ടൽ. ഇന്ന് (മാർച്ച് 28) ഭരണി നാളിൽ രാവിലെ പട്ടാര്യ സമുദായം കുമ്പളങ്ങ ബലിയർപ്പിച്ച് വെന്നിക്കൊടി നാട്ടുന്നതോടെ മീനഭരണിയാഘോഷം സമാപിക്കും.

Comments are closed.