1470-490

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വാർഡ് വിഭജനം:സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വാർഡ് വിഭജനം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാനുള്ള സിപിഐ(എം) ജില്ലാ കമ്മറ്റിയുടെ നീക്കത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം- ടി. എൻ. പ്രതാപൻ എം. പി.

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാർഡ് വിഭജന പ്രക്രിയ്യ രാഷ്ടീയസ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാനുള്ള സി പി ഐ (എം) തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ശ്രമത്തിൽ ഇടപെടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ടി.എൻ.പ്രതാപൻ എം.പി. ആവശ്യപ്പെട്ടു.  

         കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഡിലിമിറ്റേഷൻ നടപടികൾ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായിരുന്നു. എന്നാൽ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ വാർഡ് വിഭജന പ്രൊപ്പോസലുകൾ തയ്യാറാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ സ്വാധീനിച്ച് അത് ഔദ്യോഗിക നിർദ്ദേശങ്ങളായി അംഗീകരിപ്പിക്കണമെന്ന് സിപിഐ(എം) തൃശ്ശൂർ ജില്ലാ സെക്രട്ടറി ഏരിയ സെക്രട്ടറിമാർക്ക് കത്ത് അയച്ചിരുന്നു. ഈ കത്തിന്റെ പകർപ്പ് സഹിതമാണ് ടി.എൻ പ്രതാപൻ എംപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വാർഡ് വിഭജന നടപടികളെ അട്ടിമറിക്കുന്നതാണ് ഈ നീക്കം. ഇത് ഭരണഘടനാ സ്ഥാപനമായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കുന്ന നടപടിയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു. കൂടാതെ സ്വതന്ത്രവും നീതിയുക്തവുമായ വാർഡ് വിഭജനം ഉറപ്പാക്കുന്നതിനായി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയോ സെക്രട്ടറിമാരെ സ്ഥലം മാറ്റി നിയമിക്കുകയോ ചെയ്യണമെന്നും ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ടി.എൻ പ്രതാപൻ എംപി തിരഞ്ഞെടുപ്പ് കമ്മീഷനുള്ള കത്തിൽ ആവശ്യപ്പെട്ടു.

Comments are closed.