കോവിഡ്-19 : കുന്നംകുളം പരിധിയിൽ സൗജന്യ ഭക്ഷണമെത്തിക്കാൻ നഗരസഭയുടെ തനതു ഫണ്ട്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം നഗരസഭാ പരിധിയിൽ സൗജന്യ ഭക്ഷണ വിതരണത്തിനായി ഒരു ലക്ഷം രൂപ നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് അനുവദിച്ചതായി ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ളവർക്ക് അവശ്യസാധനങ്ങളായ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, ഭക്ഷണം എന്നിവ എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. വയോമിത്രം വഴി രോഗികൾക്ക് കൗൺസിലർമാർ വഴി അവശ്യമരുന്നുകളും വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. തെരുവിൽ അനാഥരായവർക്കും പട്ടിണിയിലായ അതിഥി തൊഴിലാളികൾക്കും നഗരസഭ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും നൽകുന്നുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ സുഭിക്ഷ ഹോട്ടൽ കമ്മ്യൂണിറ്റി കിച്ചണുകളുടെ മദർ കിച്ചണായി നിലനിർത്തുന്നതിന് തീരുമാനിച്ച സാഹചര്യത്തിൽ സമീപ പഞ്ചായത്തുകളിലേക്കും ആവശ്യമുണ്ടെങ്കിൽ സുഭിക്ഷ ഹോട്ടലിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യുമെന്നും ചെയർ പേഴ്സൺ അറിയിച്ചു.
സുഭിക്ഷ ഹോട്ടലിൽ ഭക്ഷണം പൊതിച്ചോറായി വിൽപന നടത്തുന്നുണ്ട്. തനതു ഫണ്ടിൽ നിന്ന് ആശ്രയ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. സൗജന്യ ഭക്ഷണ വിതരണത്തിനായി നഗരസഭയിലേക്ക് സന്നദ്ധ സംഘടനകളും വ്യക്തികളും സംഭാവനകൾ നൽകുന്നുണ്ടെന്ന് നഗരസഭ സെക്രട്ടറി കെ കെ മനോജ് പറഞ്ഞു. കുടുംബശ്രീ സംരഭകർ തയ്യാറാക്കിയ ലിക്വിഡ് ഹാന്റ് വാഷ് 250 മി.ലി. 40 രൂപ നിരക്കിൽ നഗരസഭ ഓഫീസിൽ വിൽപനയാരംഭിച്ചിട്ടുണ്ട്.
Comments are closed.