1470-490

അവശ്യ സാധനങ്ങളുടെ ക്രമക്കേട് തടയുന്നതിന് പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ചു

അവശ്യ സാധനങ്ങളുടെ ക്രമക്കേട് തടയുന്നതിന്
പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അളവുതൂക്ക തട്ടിപ്പ്, അമിത വില, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ചു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിങ് ഓഫീസറുടെ പരിധിയില്‍ നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളില്‍ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചത്.

ഈ സ്‌ക്വാഡുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതരുടെ സഹായം ലഭ്യമാണ്. ഓരോ ദിവസത്തെയും പരിശോധന, പരാതികളുടെ പരിഹാരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അതതു ദിവസം തന്നെ ജില്ലാ സപ്ലൈ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളെ അതത് താലൂക്ക് സപ്ലൈ സിറ്റി റേഷനിംഗ് ഓഫീസര്‍മാരാണ് തീരുമാനിക്കുന്നത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പുറമേ ആവശ്യാനുസരണം മറ്റ് ജീവനക്കാരെയും ഉള്‍പ്പെടുത്തുന്നുണ്ട്. വാതില്‍പ്പടി വിതരണം, റേഷന്‍ സാധനങ്ങളുടെ വീട്ടെടുപ്പ് എന്നിവയ്ക്ക് തടസ്സം വരാത്തവിധത്തിലാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Comments are closed.