1470-490

കോവിഡ് 19: ജില്ലയിലെ കൂടുതൽ ഹോട്ടൽ സമുച്ചയങ്ങൾ കെയർ സെന്ററുകളാക്കും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് കൂടുതൽ സഹായങ്ങൾ ഒരുക്കാൻ തയ്യാറായി ജില്ലയിലെ ഹോട്ടൽ ഉടമകളുടെ സംഘടന. ജില്ലയിലെ നൂറോളം വരുന്ന ഹോട്ടൽ സമുച്ചയങ്ങളാണ് കെയർ സെന്ററുകൾ ഒരുക്കുന്നതിനും ആളുകളെ താമസിക്കുന്നതിനുമായി സജ്ജീകരിക്കുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ ചേമ്പറിൽ നടന്ന ഹോട്ടൽ ഉടമകളുടെ സംഘടനാപ്രതിനിധികളുമായുള്ള യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലയിൽ കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ കെയർ സെന്ററുകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. അടിയന്തിര സാഹചര്യത്തിൽ ജില്ലയിലെ പരമാവധി സ്‌കൂളുകളും ഹോട്ടൽ സമുച്ചയങ്ങളും എല്ലാവിധ സംവിധാനങ്ങളോടും കൂടി കെയർ സെന്ററുകളാക്കി മാറ്റും. വിവിധ പഞ്ചായത്തുകളിലാണ് ഈവിധം കെയർ സെന്റർ ഒരുക്കുക.
സമൂഹ വ്യാപനം തുടങ്ങുന്ന സാഹചര്യത്തിൽ രോഗം സ്ഥിരീകരിക്കുന്ന വ്യക്തിയെയും അവരുമായി ബന്ധപ്പെടുന്നവരെയും അടിയന്തരമായി ക്വാറന്റൈൻ ചെയ്യേണ്ടതിന്റെ ഭാഗമായാണ് ഈ സജ്ജീകരണം. അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ള മുറികളാണ് ഓരോ വ്യക്തിക്കും ഇതിനായി നൽകുക. 10 മുതൽ 50 വരെ റൂമുകളുള്ള ഹോട്ടലുകളിലെ നോൺ എസി മുറികളും ടോയിലറ്റ് സൗകര്യവുമുള്ള പരമാവധി മുറികളാണ് ഇതിനായി ഒരുക്കുക. ഹോട്ടലിലെ മെസ്സ്, കമ്മ്യൂണിറ്റി കിച്ചണാക്കി മാറ്റും. പരമാവധി ഹോട്ടലുകൾ ഈ വിധം കെയർ സെന്റർ ആക്കും. ഇതിന് പുറമെ ഈ ഹോട്ടലുകളിൽ ഉപയോഗിക്കാവുന്ന ബെഡ്ഷീറ്റുകൾ, ടൗവലുകൾ എന്നിവയും ഇവർക്കായി നൽകും.
ഹോട്ടലുകളുടെ പവർ ലോൺഡ്രി ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി ഷീറ്റുകളും ടവലുകളും ശുചീകരിക്കാൻ വേണ്ട നടപടികളും ആസൂത്രണം ചെയ്യും. ജില്ലയിൽ പരമാവധി വസ്ത്രങ്ങളും, ബെഡ് ഷീറ്റുകളും, ടവലകളും സംഭരിക്കാൻ മന്ത്രി ഹോട്ടൽ ഓണേഴ്സ് അസോസിയേഷനോട് ആവശ്യപ്പെട്ടു. സ്പോൺസേഴ്സ് വഴിയും പരമാവധി സംഭരണം നടത്തും. കുടുംബശ്രീയുടെ വിവിധ സി ഡി എസുകളുമായി ബന്ധപ്പെട്ട പ്ലേറ്റുകളും അനുബന്ധ പാത്രങ്ങളും കമ്മ്യൂണിറ്റി കിച്ചണിലേക്ക് എടുക്കുവാനും യോഗത്തിൽ തീരുമാനമായി.
ആരംഭഘട്ടത്തിൽ ബാർ അറ്റാച്ച്ഡ് ഹോട്ടലുകളാണ് ഈവിധം കെയർ സെന്ററുകളാക്കി മാറ്റുന്നത്. ഇതിനുശേഷം ജില്ലയിലെ പരമാവധി ലോഡ്ജുകളും കെയർ സെന്ററുകൾളാക്കി മാറ്റും. ഇതുവരെ സംസ്ഥാന തലത്തിൽ 25 ലക്ഷം രൂപയുടെ മാസ്‌ക്കുകളും സാനിറ്റൈസറുകളും വിതരണം നടത്തിയതായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ ജനറൽ സെക്രട്ടറി അറിയിച്ചു.
ഡെപ്യൂട്ടി കളക്ടർമാരായ എം ബി ഗിരീഷ് കുമാർ, ഡോ റെജിൽ, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് ജനറൽ സെക്രട്ടറി പത്മദാസ്, ജില്ലാ സെക്രട്ടറി ഷൈൻ ഭാസ്‌കരൻ, ഗ്രാൻഡ് ഹയാത്ത്, ലുലു, ഗരുഡ, കാസിനോ ഹോട്ടൽ, ജോയ്സ് പാലസ് ഹോട്ടൽ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Comments are closed.