1470-490

ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കി

അടച്ചിടൽ നിർദ്ദേശങ്ങളെ തുടർന്ന് പൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും കരിഞ്ചന്തയും വിലക്കയറ്റവും തടയുന്നതിന് ഭക്ഷ്യവകുപ്പ് വ്യാപക പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 38 സ്ഥാപനങ്ങൾ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. പലചരക്ക്, പച്ചക്കറികടകൾ ഉൾപ്പെടെ 83 കടകളിൽ പരിശോധന നടത്തി. പൊതുവിതരണ വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അമിത വില ഈടാക്കിയ ഇനങ്ങൾ കണ്ടുകെട്ടുകയും കമ്മ്യൂണിറ്റി കിച്ചണിന്റെ നടത്തിപ്പിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറുകയും ചെയ്തു. തലപ്പിളളി താലൂക്കിലെ മുളളൂർക്കര ഇബ്രാഹിം സ്റ്റോഴ്‌സ്, കൊടുങ്ങല്ലൂർ താലൂക്കിലെ ചന്തപ്പുര റിലീഫ് മെഡിക്കൽസ്, ചാലക്കുടി താലൂക്കിലെ കൊടകര നീലഗിരി വെജിറ്റബിൾസ്, കാടുകുറ്റി ഹണി ബേക്കറി എന്നിവിടങ്ങളിലാണ് സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തി സാധനങ്ങൾ കണ്ടുകെട്ടിയത്.
കമ്മ്യൂണി കിച്ചന് ആവശ്യമുളള എൽപിജി സിലിണ്ടർ ലഭ്യമാക്കുന്നതിന് വിതരണക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗജന്യ റേഷൻ വിഹിതം നൽകുന്നതിന് വൈകീട്ട് അഞ്ച് മണിക്ക് ശേഷവും റേഷൻ കടകൾ തുറക്കുന്നതിനും കയറ്റിറക്ക് നടത്തുന്നതിനും ജില്ലാ കളക്ടർ അനുമതി നൽകി. പെട്രോൾ പമ്പിന്റെ പ്രവർത്തനം രാവിലെ 7 മുതൽ വൈകീട്ട് 7 വരെയായി ക്രമീകരിച്ചു. നഗരസഭ പ്രദേശങ്ങളിലും ബ്ലോക്ക് പഞ്ചായത്തുകളിലും 2 വീതവും കോർപ്പറേഷനിൽ 4 വീതവും പെട്രോൾ പമ്പുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും.

Comments are closed.