കോവിഡ് 19: മാസ്‌ക്കുകൾ നിർമ്മിച്ച് സൗജന്യമായി നൽകി ചാവക്കാട് സബ്ജയിൽ തടവുകാർ

കോവിഡ് 19നെ പ്രതിരോധിക്കാൻ സബ് ജയിലിൽ നിർമ്മിച്ച മാസ്‌ക്കുകളുമായി തടവുകാർ. രാജ്യമൊട്ടാകെ പടർന്നു പിടിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ചാവക്കാട് സബ് ജയിൽ ജീവനക്കാരും തടവുകാരും ഭാഗമാകുന്നു. സബ് ജയിൽ സൂപ്രണ്ട് എം. വി തോമസിന്റെ നേതൃത്വത്തിലാണ് മാസ്‌ക്ക് നിർമ്മാണവും വിതരണവും. ജയിലിലെ തടവുകാർ തന്നെയാണ് മാസ്‌ക്കുകൾ നിർമിക്കുന്നത്. ഒരു ദിവസം 300 മാസ്‌ക്ക് എന്ന കണക്കിലാണ് നിർമ്മാണം. 1500ൽപരം മാസ്‌ക്കുകളുടെ തയ്യൽ പൂർത്തിയാക്കി. ചാവക്കാട് സബ് ജയിലും പ്രചര കൾച്ചറൽ സൊസൈറ്റിയും സഹകരിച്ചാണ് പദ്ധതി. മാസ്‌ക്ക് നിർമ്മാണത്തിന് ആവശ്യമായ തുണി, തയ്യൽ മെഷീൻ എന്നിവ താൽക്കാലികാടിസ്ഥാനത്തിൽ സൗജന്യമായി ജയിലിൽ എത്തിച്ചു. പ്രചര കൾച്ചറൽ സൊസൈറ്റി, ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജ്, പാലയൂർ പള്ളി തുടങ്ങിയ സ്ഥാപനങ്ങളാണ് തയ്യൽ മെഷീൻ സ്പോൺസർ ചെയ്തത്. ലിറ്റിൽ ഫ്‌ളവർ കോളേജിലെ തയ്യൽ യൂണിറ്റ് നടത്തുന്ന സിസ്റ്റർമാർ ജയിൽ തടവുകാർക്ക് മാസ്‌ക്ക് നിർമ്മാണം പഠിപ്പിക്കാൻ ഒരു ദിവസത്തെ ട്രെയിനിങ് നൽകി. നിർമ്മിച്ച മാസ്‌ക്കുകൾ വിവിധ സർക്കാർ ഓഫീസുകളിലേക്കും പൊതുജനങ്ങൾക്കും സൗജന്യമായി നൽകുന്നുണ്ട്.
Comments are closed.