1470-490

കോവിഡ് 19: 520 അഗതികൾക്ക് ആശ്രയമൊരുങ്ങി


കൊറോണ വ്യാപനം തടയാൻ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരുവിൽ കഴിയുന്നവരും ഇതര സംസ്ഥാന തൊഴിലാളികളുമായ 520 പേർക്ക് ഇതുവരെ കോർപ്പറേഷൻ പരിധിയിൽ സുരക്ഷ കേന്ദ്രങ്ങൾ ഒരുങ്ങി. ഗവൺമെന്റ് മോഡൽ ബോയ്സ് ഹൈസ്‌കൂളിൽ 201 അഗതികളും ഗവ മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ 197 ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. ഇതിനു പുറമെ അയ്യന്തോൾ ഗവ യു പി സ്‌കൂളിൽ 100, വില്ലടം ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ 22 ഇതര സംസ്ഥാന തൊഴിലാളികൾക്കും താമസസൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മോഡൽ ബോയ്സ് സ്‌കൂളിലെ പത്തിലധികം വരുന്ന ക്ലാസ് മുറികൾ കോർപ്പറേഷന്റെയും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ വൃത്തിയാക്കി താമസസൗകര്യമൊരുക്കിയിരുന്നു. ഇതിന് പുറമെയാണ് മോഡൽ ഗേൾസിലും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ടിടത്തും പരമാവധി അന്തേവാസികളായ സാഹചര്യത്തിലാണ് കൂടുതൽ താമസ സൗകര്യങ്ങൾ സജ്ജമാക്കുന്നത്. പോലീസിന്റെ രണ്ടു വണ്ടികളിലും പിങ്ക് പോലീസ് വാഹനത്തിലുമാണ് സ്‌കൂളുകളിൽ എത്തിക്കുന്നത്. ഡി എംഒയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗവും കോർപ്പറേഷൻ ആരോഗ്യവിഭാഗവും പരിശോധന നടത്തി ബോധ്യപ്പെട്ടാണ് അഗതികൾക്ക് പ്രവേശനം നൽകുന്നത്.
കൂടുതൽ ആളുകൾ വന്നെത്തുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നിർദ്ദേശപ്രകാരം കൂടുതൽ താമസസൗകര്യം ഒരുക്കുന്നത്.
അഭയകേന്ദ്രത്തിൽ എത്തുന്നതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ഒരു ക്ലാസ് മുറിയിൽ അഞ്ച് പേർക്കാണ് താമസസൗകര്യം ഒരുങ്ങുന്നത്. മൂന്നുനേരവും പൊതിച്ചോറ് ഇവർക്ക് നൽകുന്നുണ്ട്. പായയും കിടക്കയും തലയിണയും നൽകുന്നുണ്ട്.
ഓരോ സ്‌കൂളിലും 250 പേർക്കാണ് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. കൂടുതൽ ആളുകളെ കൊണ്ടുവരുന്ന സാഹചര്യത്തിനനുസരിച്ച് കൂടുതൽ സ്ഥലങ്ങൾ അഭയ കേന്ദ്രമാക്കി മാറ്റും.
കോർപ്പറേഷന്റെ നേതൃത്വത്തിൽ സർവേ നടത്തിയാണ് തെരുവിൽ കഴിയുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കുന്നത്. ദിവസവും ഡോക്ടർമാർ പരിശോധന നടത്തുകയും പോലീസ് അവർക്ക് സുരക്ഷിതത്വം ഒരുക്കുകയും ചെയ്യുന്നുണ്ട്.

Comments are closed.