ലോക്ക് ഡൗൺ: നിരാലംബർക്ക് സഹായഹസ്തവുമായി തൃശൂർ റേഞ്ച് ജനമൈത്രി പോലീസ്

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ നിരാലംബർക്കും ആശ്രയമറ്റവർക്കും സഹായഹസ്തവുമായി തൃശൂർ റേഞ്ച് ജനമൈത്രി പോലീസ്. ആശ്രയമറ്റവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്താണ് പോലീസ് മാതൃകയാവുന്നത്. ‘ഒപ്പമുണ്ട് പോലീസ്’ എന്ന് പേരിട്ട പദ്ധതിയിൽ, പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലിരിക്കേണ്ടി വരുമ്പോൾ കുടുംബത്തെ പോറ്റാൻ കഴിയാത്ത നിർധനർക്കാണ് ഭക്ഷ്യധാന്യകിറ്റുകൾ നൽകുന്നത്. ഇതിന്റെ ഭാഗമായി കയ്പമംഗലത്ത് നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വലപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സി പി മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയുടെ തീരദേശ മേഖലയിലുള്ള 5000 കുടുംബങ്ങളിലേക്കാണ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുക. അഞ്ച് കിലോ അരി, പഞ്ചസാര, പരിപ്പ്, പയർ, കടല, തേയില, മുളക്, ഹാൻഡ് വാഷ് എന്നിവയടങ്ങുന്ന 14 കൂട്ടം സാധനങ്ങളാണ് ഭക്ഷ്യധാന്യ കിറ്റിലുള്ളത്. ലോക്ക് ഡൗണിന്റെ ഭാഗമായി ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം നൽകുക എന്നതാണ് ജനമൈത്രി പോലീസ് ലക്ഷ്യമിടുന്നതെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രൻ പറഞ്ഞു.കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്തെ നിർധനർക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകി പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ റേഞ്ച് ഡി.ഐ.ജി നിർവ്വഹിച്ചു. സി.പി. സാലിഹ് ട്രസ്റ്റിന്റെ സഹകരണത്തോടെ ജനമൈത്രി പോലീസ് നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടും അദ്ദേഹം സന്ദർശിച്ചു. റൂറൽ എസ്പി കെ പി വിജയകുമാരൻ, ഇരിങ്ങാലക്കുട ഡി വൈ എസ്പി ഫേമസ് വർഗീസ്, കയ്പമംഗലം എസ്ഐ ജയേഷ് ബാലൻ എന്നിവരും ഡിഐജിയോടൊപ്പം ഉണ്ടായിരുന്നു.
Comments are closed.