ലോക്ക് ഡൗൺ: കൊടുങ്ങല്ലൂർ നഗരസഭയിൽ അഗതികൾക്കായി രക്ഷാകേന്ദ്രം

കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂരിൽ അഗതികൾക്കായി രക്ഷാകേന്ദ്രം ആരംഭിച്ചു. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്‌കൂളിൽ തയ്യാറാക്കുന്ന താൽക്കാലിക അഗതി രക്ഷാ കേന്ദ്രത്തിലേക്ക് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അശരണരായ മുഴുവനാളുകളെയും മാറ്റിപ്പാർപ്പിക്കും. അവർക്ക് ആവശ്യമായ താമസ ഭക്ഷണ സൗകര്യങ്ങളും ആരോഗ്യ പരിശോധനയും അവിടെ ഏർപ്പെടുത്തുന്നതാണ്. ഇതിന്റെ ഭാഗമായി നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും കടത്തിണ്ണയിൽ കഴിയുന്നവരെയുമെല്ലാം നഗരസഭ സുരക്ഷിത കേന്ദ്രങ്ങളിലാക്കി. വ്യാഴാഴ്ച രാവിലെ മുതൽ ചെയർമാൻ കെ ആർ ജൈത്രന്റെ നിർദ്ദേശപ്രകാരം നഗരസഭയുടെ വാഹനങ്ങളിൽ വൃദ്ധരും രോഗികളുമായ മുഴുവൻ പേരെയും കയറ്റി കൊടുങ്ങല്ലൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ മികച്ച മുറികളിലേക്കെത്തിക്കുകയായിരുന്നു. പോലീസിന്റെയും നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ഇവരെ സുരക്ഷിതകേന്ദ്രത്തിൽ എത്തിച്ചത്. കിടക്കുവാൻ പായ, തലയിണ, പുതപ്പ് തുടങ്ങി എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിലെത്തിയവർക്ക് ആദ്യ ഘട്ടത്തിൽ യുവജന സംഘടനകൾ ഭക്ഷണം നൽകി. മൂന്ന് നേരവും ഇവർക്ക് ഭക്ഷണം നൽകുവാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് (മാർച്ച് 27) മുതൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ വഴി തുടർന്ന് ഭക്ഷണം നൽകും. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ പരിശോധനയ്ക്കും ആവശ്യമായ മരുന്ന് നൽകുവാനും നിയോഗിച്ചിട്ടുണ്ട്. ഇതു വരെ 25 പുരുഷൻമാരെയും 5 സ്ത്രീകളെയുമാണ് സംരക്ഷണത്തിനായി ഏറ്റെടുത്തിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ താമസം ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിൽ എത്തിയവർക്ക് വ്യക്തി ശുചിത്വം പാലിക്കുവാൻ ആവശ്യമായ നിർദ്ദേശം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ്, സെക്രട്ടറി ടി കെ സുജിത്, ഹെൽത്ത് സൂപ്പർവൈസർ കെ വി ഗോപാലകൃഷ്ണൻ എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്നവരും കടത്തിണ്ണകളിലും മറ്റും കഴിയുന്നവരും ശ്രദ്ധയിൽ പ്പെടുന്നവർ 9446994073 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Comments are closed.