കൊരട്ടി ഗാന്ധിഗ്രാമിൽ മാസ്‌ക്ക് വിതരണം ചെയ്ത് കുടുംബശ്രീ കൂട്ടായ്മ
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കൊരട്ടി ഗാന്ധിഗ്രാം ഗവ ത്വക്ക്രോഗാശുപത്രിയ്ക്ക് മാസ്‌ക്ക് നിർമ്മിച്ചു നൽകി ഗോൾഡൻ കുടുംബശ്രീ. തുണിയിൽ നിർമ്മിച്ച 200 മാസ്‌ക്കുകളാണ് സൗജന്യമായി ഗാന്ധിഗ്രാമിന് നിർമ്മിച്ചു നൽകിയത്. ഡോക്ടർമാരടക്കമുള്ള 65 ആശുപത്രി സ്റ്റാഫുകൾക്കും ആശുപത്രിയിൽ എത്തുന്നവർക്കും ചികിത്സയിൽ കഴിയുന്നവർക്കും മറ്റുമായാണ് മാസ്‌ക്ക് നിർമ്മിച്ചു നൽകിയത്. ഗാന്ധിഗ്രാം സീനിയർ ക്ലർക്ക് പ്രമോദ് എബ്രഹാം ഗോൾഡൻ കുടുംബ ശ്രീ അംഗങ്ങളിൽ നിന്നും ആശുപത്രിക്കായി മാസ്‌ക്കുകൾ ഏറ്റുവാങ്ങി. പത്തു പേരടങ്ങുന്ന സംഘമാണ് മാസ്‌ക്കുകൾ തയ്യാറാക്കിയത്. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി മെഡിക്കൽ ഷോപ്പുകളിലേക്കും ആശുപത്രികളിലലേക്കും മറ്റുമായി ഗോൾഡൻ കുടുംബശ്രീ മാസ്‌ക്കുകൾ നിർമ്മിച്ചു നൽകുന്നുണ്ട്. മാസ്‌ക്ക് ഒന്നിന് 12 രൂപ നിരക്കിലാണ് പുറത്തുള്ള വിൽപ്പന. എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് മാസ്‌ക്ക് നിർമ്മിക്കാനാവശ്യമായ സാധനങ്ങൾ എത്തിക്കുന്നത്. ഗാന്ധി ഗ്രാമിൽ സൗജന്യമായി മാസ്‌ക്ക് വിതരണം നടത്തി കൊരട്ടി പഞ്ചായത്തിലെ ഗോൾഡൻ കുടുംബശ്രീ മാതൃകയാവുകയാണ്.
Comments are closed.