1470-490

കർശന നിയന്ത്രണങ്ങളോടെ കോട്ടപ്പുറം ചന്ത മാർച്ച് 30 മുതൽ പുനരാരംഭിക്കും

മാർച്ച് 30 മുതൽ പുനരാരംഭിക്കുംകൊടുങ്ങല്ലൂർ നഗരസഭാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിർത്തിവെച്ചിരുന്ന കോട്ടപ്പുറം ചന്ത മാർച്ച് 30 മുതൽ പുനരാരംഭിക്കും. നഗരസഭ ചെയർമാൻ കെ ആർ ജൈത്രന്റെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കർശനമായ നിബന്ധനകളോടെയാണ് ചന്ത പുനരാരംഭിക്കുക. യാതൊരു സർക്കാർ നിർദ്ദേശങ്ങളും പാലിക്കാതെ തിരക്കുകൂട്ടി ജനങ്ങൾ മാർക്കറ്റിൽ വന്ന് സാധനങ്ങൾ വാങ്ങിച്ചു വന്ന സാഹചര്യത്തിലാണ് ചന്ത നിർത്തിവെച്ചത്. പുനരാരംഭിക്കുമ്പോൾ ഹോൾസെയിൽ – റീട്ടെയിൽ കച്ചവടക്കാർക്ക് മാത്രമെ സാധനങ്ങൾ വിൽപ്പന നടത്തുവാൻ അനുവാദമുള്ളൂ. ചന്തയിലേയ്ക്ക്സാധനങ്ങൾ വാങ്ങാൻ വരുന്നവർ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലൈസൻസോ, പഞ്ചായത്ത് രേഖകളോ കാണിച്ചാൽ മാത്രമെ ചന്തയിൽ പ്രവേശിപ്പിക്കുകയുള്ളൂ. സാധാരണ വ്യക്തികളെ സാധനം വാങ്ങിക്കുവാൻ മാർക്കറ്റിലേക്ക് കടത്തിവിടില്ല. ഇതിന് പോലീസിനെ നിയോഗിക്കും. പച്ചക്കറി കച്ചവടം രാവിലെ 7 മണിക്ക് അവസാനിപ്പിക്കണം. പലചരക്ക് കച്ചവടം രാവിലെ 7 മുതൽ 12 വരെയായി നിയന്ത്രിച്ചിട്ടുണ്ട്. വാഹനങ്ങൾ ക്യൂ പാലിച്ച് ചേരമാൻ പറമ്പ് വഴി കിഴക്കുഭാഗത്തുള്ള റോഡിലൂടെ വന്ന് സിഗ്നൽ പടിഞ്ഞാറെ റോഡ് വഴി പോകേണ്ടതാണ്. ആളുകൾ പരസ്പരം അകലം പാലിക്കണം. ചരക്ക് ഇറക്കുവാൻ വരുന്ന വാഹനങ്ങളെ ക്രമീകരിച്ച് മാത്രമാണ് കടത്തിവിടുക. എല്ലാ കടകൾക്ക് മുമ്പിലും കൈകഴുകുവാൻ സോപ്പും വെള്ളവും കച്ചവടക്കാർ ലഭ്യമാക്കണം. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യും. ചന്തയില്ലാത്ത സാധാരണ ദിവസങ്ങളിൽ കടകൾ രാവിലെ 7 മുതൽ 5 വരെ പ്രവർത്തിക്കുമെന്നും എല്ലാവർക്കും സാധനങ്ങൾ വാങ്ങാവുന്നതാണെന്നും ചെയർമാൻ പറഞ്ഞു.യോഗത്തിൽ തഹസിൽദാർ കെ. രേവ, കൗൺസിലർമാരായ കെ എസ്. കൈസാബ്, വി എം ജോണി, നഗരസഭ സെക്രട്ടറി ടി കെ സുജിത്, പോലീസ് സബ് ഇൻസ്പെക്ടർ ഇ ആർ ബൈജു, വ്യാപാരി സംഘടനാ നേതാക്കളായ എസ് എ അബ്ദുൾ ഖയ്യും, ഇ എസ്ഷെറിൻ, അബ്ദുൾ സമദ് എന്നിവരും പങ്കെടുത്തു.

Comments are closed.