1470-490

കൊടുങ്ങല്ലൂരിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ മിന്നൽ പരിശോധ

പൂഴ്ത്തിവെപ്പുകാരെയും കരിഞ്ചന്തക്കാരെയും നേരിടാൻ കൊടുങ്ങല്ലൂർ താലൂക്കിൽ സിവിൽ സപ്ലൈസിന്റെ മിന്നൽ പരിശോധന. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും ഉണ്ടെന്ന പരാതിയിലാണ് താലൂക്കിലെ വിവിധയിടങ്ങളിൻ പരിശോധന നടന്നത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സിവിൽ സപ്ലൈസും ലീഗൽ മെട്രോളജി, പോലീസും ചേർന്നായിരുന്നു പരിശോധന. രാവിലെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. കൊടുങ്ങല്ലൂർ മുതൽ ചെന്ത്രാപ്പിന്നിവരെയുള്ള സ്ഥലങ്ങളിലെ പലചരക്ക്, പച്ചക്കറി കടകളിൽ പരിശോധന നടത്തി. കടകളിലെ സാധനങ്ങളുടെ സ്റ്റോക്കും എടുത്തിട്ടുണ്ട്. ഭഷ്യധാന്യങ്ങൾ കൂടുതൽ വിലക്ക് വിൽപന നടത്തുന്നത് കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ കടകളിലും വിലനിലവാര പട്ടിക പ്രദർശിപ്പിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. കടകളിൽ പരിശോധന നടത്തിയ സംഘം സ്റ്റോക്ക് ബോർഡ് എഴുതിയിട്ടുണ്ടോ എന്നും ചരക്ക് വാങ്ങിയതും വിറ്റുതുമായ ബില്ലുകൾ ഒത്തു നോക്കിയിട്ടുണ്ടോ എന്നും പരിശോധിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും കൈ കഴുകാൻ സോപ്പും വെള്ളവും വെച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു. വരും ദിവസങ്ങളിൽ പരിശോധന മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. താലൂക്ക് സപ്ലൈ ഓഫീസർ ഐ.വി.സുധീർ കുമാർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എ. അഭിലാഷ്, എസ്.ഐ സി.കെ.രവീന്ദ്രൻ, റേഷൻ ഇൻസ്പെക്ടർമാരായ അനൂപ്, ഷമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Comments are closed.