കൂടെയുണ്ട് സർക്കാർ; ക്ഷേമപെൻഷൻ വിതരണം തുടങ്ങി

കോവിഡ് 19 വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങളിൽ കഴിയുന്നവർക്ക് ആശ്വാസമായി സാമൂഹിക ക്ഷേമ പെൻഷനുകൾ ജില്ലയിൽ വിതരണം ചെയ്ത് തുടങ്ങി. 52 കോടി രൂപയാണ് സർക്കാർ അടിയന്തിരമായി വിതരണം ചെയ്യുന്നത്. ഭൂരിഭാഗം സാധാരണക്കാരുടെയും വരുമാനം നിലച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക വിപണിയിൽ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.കർഷകതൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിതരായ അമ്മമാരുടെ പെൻഷൻ, വിധവ പെൻഷൻ എന്നീ ക്ഷേമപെൻഷനുകളാണ് വിതരണം ചെയ്ത് തുടങ്ങിയത്. ജില്ലയിൽ 2,20,000 ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ പ്രയോജനപ്പെടും.സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിനായി സഹകരണ സംഘങ്ങളിൽ നിന്നും ഫണ്ട് സ്വരൂപിക്കുകയും സംസ്ഥാനതലത്തിൽ ഒരു കൺസോർഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പെൻഷൻ നൽകുന്നതിനായി ജില്ലയിൽ നിന്നും ഇതുവരെ 300 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.സഹകരണ ബാങ്കുകളിൽ 981 കളക്ഷൻ ഏജന്റുമാർ വഴിയാണ് തുക വിതരണം ചെയ്യുന്നത്. എല്ലാവർക്കും വീടുകളിൽ ചെന്ന് നേരിട്ട് വിതരണം ചെയ്യുകയാണ് ഏജന്റുമാർ ചെയ്യുന്നത്. ഇവർക്ക് വേണ്ടി കോവിഡ് പ്രതിരോധ ബോധവൽക്കരണവും സുരക്ഷക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മാസ്‌ക്കുകളും സാനിറ്ററൈസറുകളും ഇവർക്കായി നൽകിയിട്ടുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
Comments are closed.