ഡി.ഐ.ജി വാഹനങ്ങൾ പിടികൂടി

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ തൃപ്രയാറിലെത്തി വാഹനങ്ങളിൽ അനാവശ്യ സഞ്ചാരം നടത്തുന്നവരെ പിടികൂടി. ഡി.ഐ.ജി എസ്.സുരേന്ദ്രൻ, റൂറൽ എസ്.പി കെ.പി.വിജയകുമാരൻ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ് എന്നിവരാണ് ഇന്നലെ ഉച്ചയോടെ പരിശോധനയ്ക്ക് നേരിട്ടെത്തിയത്.ദേശീയപാതയിലൂടെ കടന്നുവന്ന വാഹന യാത്രികരിൽ നിന്ന് ഡി.ഐ.ജി നേരിട്ട് വിശദാംശങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഭൂരിഭാഗം യാത്രക്കാരും അനാവശ്യ സഞ്ചാരം നടത്തുന്നവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ വഴിയിലിറക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇവ വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിലെ ജീവനക്കാർക്കും സാധനങ്ങൾ വാങ്ങാനെത്തിയവർക്കും ഡി.ഐ.ജി കോവിഡ് പ്രതിരോധത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.നടപടികൾ ശക്തമാക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള നിയമനടപടികൾ തുടരുമെന്നും ഡി.ഐ.ജി പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങൾ മൂന്നാഴ്ച കഴിഞ്ഞുമാത്രമേ വിട്ടുനൽകാൻ പാടുള്ളുവെന്ന് ഡി.ഐ.ജി വലപ്പാട് പൊലീസിന് നിർദ്ദേശം നൽകി. വലപ്പാട് എസ്.എച്ച്.ഒ കെ.സുമേഷ്, എസ്.ഐമാരായ വി.സി.അരിസ്റ്റോട്ടിൽ, പി.ജെ.ഫ്രാൻസീസ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
Comments are closed.