1470-490

കോവിഡ് 19 : ജില്ലാ അതിർത്തികളിൽ ശക്തമായ പോലീസ് പരിശോധന

കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ അതിർത്തികളിൽ കർശന പരിശോധന തുടരുന്നു. ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ കമ്മീഷണർ ആർ ആദിത്യ, അസി. കമ്മീഷണർ വി.കെ. രാജു എന്നിവർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം കമ്മീഷണർ ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ തമിഴ്നാട് സ്വദേശികളായ ചിലർ കാൽനടയായും സൈക്കിൾമാർഗവും ഇടവഴികളിലൂടെ അതിർത്തികടക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തുകയും കുതിരാനിൽവെച്ച് ഇവരെ തടഞ്ഞുനിർത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി പോലീസ് വാഹനത്തിൽ അവരവരുടെ താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.ഇത്തരം സാഹചര്യങ്ങളുടെയും മുൻകൂട്ടി എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ എല്ലാ ജില്ലയിലും അവശ്യസാധനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടിയുള്ള വാഹനങ്ങൾ മാത്രം കടത്തിവിടേണ്ടതുള്ളൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വൈറസ് പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റൈസർ, ഗ്ലൗസ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങൾ സത്യവാങ്മൂലം പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കും. ഇവ നിർമ്മിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപന ഉടമകൾ ആവശ്യപ്പെടുന്നപക്ഷം ജില്ലാ പോലീസ് മേധാവിമാർ പൊലീസ് പാസ് നൽകും. എന്നാൽ ജീവനക്കാരെ വീടുകളിൽനിന്ന് സ്ഥാപനങ്ങളിലേയ്ക്ക് കൊണ്ടുവരാനും കൊണ്ടുപോകാനും മാത്രമേ വാഹനം ഉപയോഗിക്കാൻ അനുവദിക്കുകയുള്ളു. ഡ്രൈവർ നിർബന്ധമായും സത്യവാങ്മൂലം കയ്യിൽ കരുതണമെന്നും സ്ഥാപനത്തിനുള്ളിലും വാഹനത്തിലും സാമൂഹ്യ അകലം പാലിക്കാൻ പ്രത്യേക ശ്രദ്ധിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Comments are closed.