1470-490

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്

ആശുപത്രിയിലെ മറ്റു ചികിത്സാ സേവനങ്ങള്‍ പുനഃക്രമീകരിച്ചു

മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് പ്രത്യേക യാത്രാ സംവിധാനം ഏര്‍പ്പെടുത്തി

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മലപ്പുറം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമാക്കിയതോടെ ആതുരാലയത്തില്‍ നിന്നുള്ള ചികിത്സയുള്‍പ്പെടെയുള്ള സേവനങ്ങള്‍ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്കു പുനഃക്രമീകരിച്ചു. പ്രസവം ഉള്‍പ്പെടെ മഞ്ചേരിയില്‍ ലഭ്യമായിരുന്ന ആരോഗ്യ, ചികിത്സാ സേവനങ്ങള്‍ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, മലപ്പുറം, പൊന്നാനി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കാണ് ക്രമീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതിനായി ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ സേവനങ്ങളും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാവുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച വിദഗ്ധ സംഘത്തിന്റെ സേവനമാണ് ഉണ്ടാവുക.നിരോധനാജ്ഞ നിലനിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മലപ്പുറം, കിഴിശ്ശേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, കാളികാവ്, വഴിക്കടവ്, അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് ജീവനക്കാര്‍ക്കായി പ്രത്യേക വാഹനങ്ങളുണ്ടാവും. രാവിലെ 6.30 ന് യാത്ര തിരിച്ച് 7.30ന് മഞ്ചേരിയില്‍ വാഹനങ്ങളെത്തും. രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ജീവനക്കാരെ ഇതേ വാഹനങ്ങളില്‍ തിരികെ കൊണ്ടുപോകും. വൈകുന്നേരം ആറുമണിക്ക് ഇതേ കേന്ദ്രങ്ങളില്‍ നിന്ന് രാത്രി ഡ്യൂട്ടിക്കുള്ള യാത്ര തുടങ്ങി മെഡിക്കല്‍ കോളജില്‍ എത്തും. 7.30ന് പകല്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കിയവരെ തിരികെ കൊണ്ടുപോകും.

Comments are closed.