1470-490

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായി കുടുംബശ്രീ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി കുടുംബശ്രീ പ്രവർത്തകർ. ജില്ലയിൽ വൈറസ് വ്യാപനം സ്ഥിരീകരിക്കപ്പെട്ടത് മുതൽ വളരെ ക്രിയാത്മമായ പ്രവർത്തനങ്ങളുമായി മുൻ നിരയിൽ നിലയുറപ്പിക്കാൻ കുടുംബ ശ്രീ പ്രവർത്തകകർക്ക് സാധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പുമായി ചേർന്ന് 1285 സ്‌ക്വാഡുകളിലായി 7284 അംഗങ്ങളെ ഉൾപ്പെടുത്തി73155 വീടുകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. കുടുംബശ്രീ എം ഈ ഗ്രൂപ്പുകളും അയൽക്കൂട്ടങ്ങളും വഴി 62547 മാസ്‌ക്കുകളും 227.35 ലിറ്റർ സാനിറ്റൈസറുകളും ഇതുവരെ വിതരണം ചെയ്തു. ഇതിന് പുറമെ സ്നേഹിത വഴി കുടുംബശ്രീ അംഗങ്ങൾക്ക് കൗൺസിലിംഗ് നടത്തിവരുന്നു. വയോജന കുടുംബശ്രീയിലെ അംഗങ്ങൾക്ക് 450 മാസ്‌ക്കുകൾ സൗജന്യമായി നൽകി.കുടുംബശ്രീയുടെ നേതൃത്വത്തിൽ 65 സിഡിഎസുകളിലെ പ്രധാന കവലകളിൽ എല്ലാം ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ തുടങ്ങി. വളണ്ടിയർമാർക്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് ബോധവൽക്കരണ ക്ലാസുകൾ നൽകി വരുന്നു. കൊറോണ ബോധവൽക്കരണത്തിന്റെ നോട്ടീസുകളും ലഘുലേഖകളും കുടുംബശ്രീ പ്രവർത്തകർ വഴി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിതരണം ചെയ്തു. വീട്ടിൽ നിരീക്ഷണത്തിലുള്ള കുടുംബശ്രീ അംഗങ്ങളെ കമ്മ്യൂണിറ്റി കൗൺസിലർമാർ ഫോൺ വഴി സംസാരിച്ചു വേണ്ട മാനസിക പിന്തുണ നൽകുന്നുണ്ട്. അയൽക്കൂട്ടങ്ങളിൽ നിന്നും ഓരോ വിഭവം എന്ന രീതിയിൽ ശേഖരിച്ച് നഗരത്തിലെ അഗതികൾക്കും മെഡിക്കൽ കോളജിലേക്കും ഭിക്ഷക്കാർക്കുമായി പൊതിച്ചോറ് വിതരണം ചെയ്തു വരുന്നു.കുടുംബശ്രീ അംഗങ്ങൾക്ക് ജി ആർ സിയുടെ നേതൃത്വത്തിൽ സാനിറ്റിസറും മാസ്‌കും ഉണ്ടാക്കാനുള്ള പരിശീലനം നൽകി. ഇവ നിർമ്മിച്ച് പോലീസ് സ്റ്റേഷൻ, ആശുപത്രികൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. ഗുരുവായൂരിലെ തെരുവിൽ അന്തി യുറങ്ങുന്ന 120 പേർക്ക് അടുത്തുള്ള സ്‌കൂളിൽ താൽക്കാലിക ക്യാമ്പും സി ഡി എസ് ചെയർ പേഴ്സൺമാരുടെ നേതൃത്വത്തിലുള്ള കാറ്ററിങ് ഗ്രൂപ്പ് വഴി ഭക്ഷണവും ഒരുക്കി നൽകി വരുന്നു. ബാലസഭ ആർ പി മാരുടെ നേതൃത്വത്തിൽ 12000 മാസ്‌കുകൾ തയ്ച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നൽകി.വിവിധ സി ഡി എസുകളിൽ അവശ്യാഅനുസരണം മാസ്‌ക്കുകളും സാനിറ്റൈസറുകളും നിർമ്മിച്ചു വിതരണം ചെയ്യാൻ കുടുംബശ്രീ പ്രവർത്തകർ അക്ഷീണം പ്രവർത്തിച്ചക്കുന്നുണ്ട്.

Comments are closed.