1470-490

കോവിഡ്- 19: കോഴിക്കോട് ജില്ലയില്‍ പുതുതായി 350 പേര്‍ കൂടി നിരീക്ഷണത്തില്‍ പുതിയ പോസിറ്റീവ് കേസുകളില്ല

കോവിഡ്- 19 മായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് (26/3) ആകെ 10324 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 350 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. മെഡിക്കല്‍ കോളേജില്‍ 19 പേരും ബീച്ച് ആശുപത്രിയില്‍ 27 പേരും ഉള്‍പ്പെടെ ആകെ 46 പേര്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് (26/3) ആറ് സ്രവസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 225 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 190 എണ്ണത്തിന്റെ ഫലം ലഭിച്ചു. 182 എണ്ണം നെഗറ്റീവാണ്. ഇന്നലെ (25/3) വരെ ലഭിച്ച പോസിറ്റീവ് കേസുകളില്‍ 5 പേര്‍ കോഴിക്കോട് സ്വദേശികളും 2 പേര്‍ കാസര്‍കോഡ് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ഇനി 35 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍പ്പ് ലൈനിലൂടെ 24 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ബോധവല്‍ക്കരണം തുടര്‍ന്ന് വരുന്നു. കൊറോണയെ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും കീഴ്സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്തു. വാട്‌സാപ്പിലൂടെയും എന്‍.എച്ച്.എം ഫേസ്ബുക്ക് പേജിലൂടെയും കൊറോണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ജില്ലയില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ലഘുലേഖകളും കീഴ്സ്ഥാപനങ്ങളിലേയ്ക്ക് വിതരണത്തിനായി കൈമാറി. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വാര്‍ഡ്തല ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍, ലഘുലേഖവിതരണം, മറ്റ് ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ശക്തമാക്കി.

ജില്ലാ കലക്ടര്‍ സാംബശിവറാവു നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ പഞ്ചായത്ത് തല ജാഗ്രത സമിതിയുമായി കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിരീക്ഷണത്തില്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ജാഗ്രത സമിതികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി നിര്‍ദ്ദേശിച്ചു.

Comments are closed.