1470-490

കോവിഡ് 19 മാള ബ്ലോക്ക് പഞ്ചായത്ത് അടിയന്തര യോഗം ചേർന്നു

കോവിഡ് 19 ന്റെ വ്യാപനം തടയാനായി സംസ്ഥാന സർക്കാർ സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അഡ്വ.വി.ആർ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വൈറസ് വ്യാപനം തടയുന്നതിനായി വാർഡ് തലത്തിൽ ആരോഗ്യ കർമ്മസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻ യോഗത്തിൽ തീരുമാനമായി. സാനിറ്റൈസർ, മാസ്‌ക് എന്നിവയുടെ കുറവ് ജില്ലാഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും ശ്രദ്ധയിൽപ്പെടുത്തി എത്രയും വേഗം എത്തിക്കും. സാനിറ്റൈസർ, മാസ്‌ക് എന്നിവ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ആവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾ രാവിലെ ഏഴ് മണി മുതൽ അഞ്ചുവരെ മാത്രം എന്നത് പാലിക്കാൻ വ്യാപാരികൾക്ക് കർശന നിർദ്ദേശം നൽകും. അഞ്ചു മണിക്ക് ശേഷം വ്യാപാരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് പോലീസിന്റെ നിരീക്ഷണത്താൽ ഉറപ്പ് വരുത്തും. സാധങ്ങൾ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുകയോ, അമിത വില ഈടാക്കുകയോ ചെയ്യുന്നവരെ പിടിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കും. വാഹനം ഉപയോഗിച്ച് അനാവശ്യ ചുറ്റിക്കറങ്ങൽ ഒഴിവാക്കി പോലീസ് നടപടയിൽ നിന്ന് മാറി വീട്ടിൽ തന്നെ കഴിയണം. വിദേശത്തുനിന്ന് വന്ന നമ്മുടെ സഹോദരങ്ങളെ ശത്രുവായി ആരും കാണരുതെന്നും അവരുടെ അവിടെത്തെ അധ്വാനം നമ്മുടെ നാടിന്റെ പുരോഗതിയിൽ നല്ല പങ്കുവഹിക്കുന്നുണ്ടെന്നും എം എൽ എ പറഞ്ഞു. ഹൗസ് കോറന്റൈനിൽ കഴിയുന്നവർക്കും നിർധനരായവർക്കും പ്രായമുള്ളവർ മാത്രം താമസിക്കുന്ന കുടുംബങ്ങൾക്കുമുള്ള ഭക്ഷണം പഞ്ചായത്തും ആരോഗ്യ വിഭാഗവും സന്നദ്ധ വളണ്ടിയർമാരുടെ സഹായത്തോട എത്തിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി, അന്നമനട പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി ടൈറ്റസ്, സിജി വിനോദ്, സിൽവി, മാള പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ഉറുമീസ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.