‘ആര്‍ക്കും ആഹാരം കിട്ടാത്ത സാഹചര്യമുണ്ടാകരുത്’ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യ മന്ത്രിയുടെ നിര്‍ദേശം

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്നവരില്‍ ആര്‍ക്കും ആഹാരം കിട്ടാത്ത സാഹചര്യമുണ്ടാകരുതെന്നും ഈക്കാര്യത്തില്‍ ജില്ലാകലക്ടര്‍മാര്‍ ശ്രദ്ധപുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരില്‍ ഭക്ഷണം ആവശ്യപ്പെടുന്നവരും ജോലിക്ക് പോകാനാവാത്തതിനാല്‍ പണമില്ലാത്തിന്റെ പേരില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കുമുള്‍പ്പടെ ഭക്ഷണമെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യ മന്ത്രിയുടെ നിര്‍ദേശം. മുഴുവന്‍ ജില്ലകളിലെയും ജില്ലാ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് മുഖ്യ മന്ത്രി ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍കൈമാറിയത്.
അതിഥി സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ ഭക്ഷണം ആവശ്യപ്പെടുന്ന ആര്‍ക്കും ആവശ്യക്കാരുടെ വലിപ്പച്ചെറുപ്പം പരിഗണിക്കാതെ സേവനം ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം ഡയാലിസ് പോലുള്ള മുടക്കാനാവാത്ത ചികിത്സകള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്കുള്ള സൗകര്യവും ഉറപ്പു വരുത്തണമെന്നും മുഖ്യ മന്ത്രി പറഞ്ഞു.
അതിഥി സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാനും അവരുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക പരിശോധനയും ആവശ്യമായ മരുന്നും ലഭ്യമാക്കാനും മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കെട്ടിട നിര്‍മ്മാണ മേഖല ഉള്‍പ്പടെ എല്ലാ ജോലികളും നിര്‍ത്തിവെപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യ മന്ത്രിയുടെ ഏറെ ആശ്വാസമേകുന്ന തീരുമാനം.
മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിങിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഐസൊലേഷനില്‍ കഴിയുന്നവര്‍ ഉള്‍പ്പടെ ഭക്ഷണം ആവശ്യപ്പെടുന്ന ആര്‍ക്കും സഹായമെത്തിക്കാന്‍ കമ്യൂനിറ്റി കിച്ചന്‍ പ്രവര്‍ത്തന ക്ഷമമാക്കാനും കലക്ടര്‍ ഉത്തരവിട്ടു.
അതിഥി സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം. തുടര്‍ന്ന് ഈ ക്യാമ്പുകളുടെ വിവരം വില്ലേജ് ഓഫീസര്‍മാര്‍ കൈമാറുന്ന മുറക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണവും ക്യാമ്പുകളിലെ ശുചിത്വവും ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ഡെപ്യൂട്ടി കലക്ടര്‍ എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
Comments are closed.