1470-490

ശ്രീറാം വെങ്കട്ടരാമനെ തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കുക

മാതൃകാ പത്രപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്റെ
നടുറോഡിലുണ്ടായ ദാരുണാന്ത്യത്തിനു കാരണമായ കാറപകടത്തിന് ഉത്തരവാദിയായ
ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വീസില്‍ തിരിച്ചെടുത്ത
സര്‍ക്കാര്‍ നടപടി പൊതുസമൂഹത്തിന് നിയമവാഴ്ചയില്‍ വിശ്വാസം
നഷ്ടപ്പെടുത്തുന്നതും നാട്ടില്‍ അരാജകത്വത്തിന്
വഴിമരുന്നിടുന്നതുമാണ്.
ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അധികാര ഗര്‍വിന്റെയും
ഹുങ്കിന്റെയും ഇരയാണ് കെ എം ബഷീര്‍. സംഭവം നടന്നതു മുതല്‍ തെളിവുകള്‍
നശിപ്പിച്ച് പ്രതിയെ കുറ്റവിമുക്തനാക്കി രക്ഷപ്പെടുത്താനുള്ള ഉന്നത
ഉദ്യോഗസ്ഥരടക്കമുള്ള ഐ.എ.എസ് ലോബിയുടെ ഗൂഢാലോചനയുടെയും
കുതന്ത്രങ്ങളുടെയും വിജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബ്യൂറോക്രസിയിലെ
ബ്രാഹ്മണാധിപത്യത്തിന്റെ സൂചനയും കൂടിയാണിത്.
ഉന്നതര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതിന്റെയും പൊതുജനങ്ങളെ
വിഡ്ഢികളാക്കുന്നതിന്റെയും മികച്ച ഉദാഹരണമാണിത്. അറവ് മൃഗത്തിന്റെ
മുഖത്തു വെള്ളമൊഴിച്ച്, കൊല്ലുന്നതിന് അനുമതി വാങ്ങുന്നു എന്നു
പറയുന്നതുപോലെയാണ് മുഖ്യമന്ത്രി വെങ്കട്ടരാമനെ തിരിച്ചെടുക്കുന്നതിനായി
പത്രപ്രവര്‍ത്തക യൂനിയന്റെ അനുമതി വാങ്ങി എന്നു പറയുന്നത്. മുഖ്യമന്ത്രി
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍വീസില്‍
തിരിച്ചെടുക്കാതിരുന്നാല്‍ സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി
നേരിടുന്നതിന് കാരണമാവുമെന്ന സര്‍ക്കാര്‍ വിലയിരുത്തല്‍ ഉദ്യോഗസ്ഥ ലോബി
എങ്ങിനെയാണ് സര്‍ക്കാരിനെ സമ്മര്‍ദ്ധത്തിലാക്കുന്നത് എന്നതിന്റെ
ഉദാഹരണമാണ്. ഇനി സര്‍ക്കാരിന് കെ എം ബഷീര്‍ കൊല്ലപ്പെട്ടതിനു തന്നെ
തെളിവില്ലയെന്നു പറയേണ്ടി വരുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.
വെങ്കിട്ടരാമനെ ആരോഗ്യവകുപ്പില്‍ ഏറ്റി പൊതുജനങ്ങളെ കൊലയ്ക്കു
കൊടുക്കുന്നതിന് അവസരമൊരുക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
തീരുമാനം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തിരഞ്ഞെടുത്ത അവസരം മറ്റൊരു
വഞ്ചയുടെ തെളിവാണ്. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത മുഴുവന്‍ ആളുകളും
സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കുന്നതിന് ആവശ്യപ്പെട്ട്
രംഗത്തുവരണം.

പി അബ്ദുല്‍ ഹമീദ്
സംസ്ഥാന ജനറല്‍ സെക്രട്ടറി
എസ്.ഡി.പി.ഐ

Comments are closed.