1470-490

റേഷൻ കടകളിൽ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്

തൃശൂർ ജില്ലയിലെ വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ റേഷൻ കടകളിൽ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. ഇതിനായി എസ്ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ, റേഷൻ ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചു. പരിശോധനയിൽ കൂടുതൽ വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. നിലവിൽ പൊതുവിപണിയിലെ 226 കടകളിൽ ലോക്ക് ഡൗണിന്റെ ഒന്നാംദിനം പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. റേഷൻകടകളിൽ മാർച്ച് മാസത്തെ വിഹിതം സ്റ്റോക്ക് എത്തിച്ചു. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം വിതരണം ആരംഭിച്ചു. ജില്ലയിലെ എല്ലാ റേഷൻ കടകളിലും ഭക്ഷ്യ സാധനങ്ങൾ സ്റ്റോക്ക് ഉള്ളതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എൻ എഫ് സി എ ഗോഡൗണുകളിൽ ഏപ്രിൽ മാസത്തെ റേഷൻ വിഹിതത്തിന്റെ വിട്ടെടുപ്പ് പൂർത്തിയാക്കുകയും മെയ് മാസത്തെ വിട്ടെടുപ്പ് ആരംഭിക്കുകയും ചെയ്തു. മിൽമ പാൽ, പെട്രോൾ, ഡീസൽ, എൽ പി ജി എന്നിവയുടെ ലഭ്യതയും ഉറപ്പുവരുത്തി. ജില്ലയിലെ 1200 റേഷൻകട ലൈസൻസികൾക്കും സെയിൽസ്മാൻമാർക്കും ആവശ്യമായ മാസ്‌ക് മൂന്നെണ്ണം വീതം കുടുംബശ്രീയിൽ നിന്നും ലഭ്യമാക്കി വിതരണം ചെയ്തു. കൂടാതെ ബ്രേക്ക് ദ ചെയിൻ പോസ്റ്റർ എല്ലാ കടകളിലും പ്രദർശിപ്പിച്ചു. എല്ലാ റേഷൻ കടകളിലും വെള്ളവും സോപ്പും ആവശ്യത്തിന് ലഭ്യമാണെന്നും ഉറപ്പു വരുത്തി. പച്ചക്കറികളുടെ ലഭ്യതയ്ക്കും വില നിയന്ത്രണത്തിനുമായി വ്യാപാരിവ്യവസായി സംഘടനകളുടെ യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. ജനങ്ങൾ ആവശ്യസാധനങ്ങൾ ശേഖരിക്കുന്നതിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

Comments are closed.