ഓൺ ലൈൻ പഠനത്തിന് മാർഗ നിർദ്ദേശങ്ങളുമായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല

കോവിഡ് 19 പ്രതിരോധത്തിനായി രാജ്യം ഒറ്റക്കെട്ടായി കരുതലോടെയിരിക്കുന്ന ഈ ഘട്ടത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല അഫിലിയേറ്റഡ് കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ഉപകരിക്കുന്ന മാർഗ നിർദ്ദേശങ്ങളുമായി രംഗത്തെത്തി. ക്ലാസ്സുകൾ ഒഴിവാക്കിയതിനാൽ വിദ്യാർത്ഥികൾ കോളേജുകളിൽ നിന്നു വിട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് പഠനം ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് മുന്നോട്ട് കൊണ്ട് പോകാൻ സർവകലാശാല നിർദ്ദേശിക്കുന്നത്. ഓൺലൈൻ ക്ലാസ്സുകൾ, ചെറു പരീക്ഷകൾ, ഓണലൈൻ നോട്ടുകൾ, വിദ്യഭ്യാസ വീഡിയോകൾ, ക്വിസ്സ് പ്രോഗ്രാമുകൾ, ഓൺലൈൻ അസൈൻമെന്റുകൾ, വീഡിയോ കോൺഫറൻസിംഗ് ഉപയോഗിച്ചുള്ള പരിപാടികൾ, മൂഡിൽ പോലുള്ള ആധുനിക ലേണിംഗ് ഫ്ളാറ്റ് ഫോമുകൾ വഴി വിതരണം ചെയ്യാവുന്ന മോഡ്യൂളുകൾ, ആപ്പുകളായി രൂപപ്പെടുത്തിയ പഠന സഹായ സാമഗ്രികൾ എന്നിങ്ങനെ വൈവിധ്യമാർന്ന അധ്യാപന പഠന സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും. ആരോഗ്യ സർവകലാശാല നൂതന വിദ്യാഭ്യാസ രീതികളിൽ പരിശീലനം നൽകിയിട്ടുള്ള ഇരുന്നൂറോളം അധ്യാപകരുടെ സേവനം വർക്ക് ഫ്രം ഹോം മാതൃകയിൽ ഉപയോഗപ്പെടുത്താനുമാണ് സർവ്വകലാശാല ലക്ഷ്യമിടുന്നതെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നമ്മേൽ അറിയിച്ചു.
Comments are closed.