1470-490

നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ അഞ്ചു കേസുകള്‍; 10 പേര്‍ അറസ്റ്റില്‍

ആരോഗ്യ ജാഗ്രത ലംഘിച്ചതിന് ജില്ലയില്‍ അഞ്ചു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കോവിഡ് 19 വൈറസ് വ്യാപനം ചെറുക്കാന്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 പേരെ അറസ്റ്റു ചെയ്തതായും ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വഴിക്കടവ് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ആറുപേരെ അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണയില്‍ ഒരു കേസില്‍ നാലു പേരും അറസ്റ്റിലായി. കാളികാവ്, കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനുകളിലും ഓരോ കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനത്ത് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് മേധാവി എന്നിവരടങ്ങുന്ന സംഘം നേരിട്ടു സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി.
നിരോധനാജ്ഞ നിലവില്‍ വന്ന ആദ്യ ദിവസം കര്‍ശന പരിശോധനയാണ് പൊലിസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ജില്ലാ അതിര്‍ത്തികളിലും പ്രധാന നഗരങ്ങളിലും വാഹനങ്ങള്‍ തടഞ്ഞ് പൊലീസ് പരിശോധന നടത്തി. കൂടുതല്‍ ആളുകള്‍ ഒരുമിച്ച് സഞ്ചരിക്കുന്നതും കൂട്ടം കൂടുന്നതും കര്‍ശനമായി തടയുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. എല്ലാ പൊലിസ് സ്റ്റേഷന്‍ പരിധികളിലും ഉച്ചഭാഷിണിയിലൂടെ അറിയിപ്പുണ്ടായിരുന്നു. ആശുപത്രികളിലേക്കുള്‍പ്പെടെയുള്ള അത്യാവശ്യ യാത്രക്കാരെയാണ് സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ നിബന്ധനകളോടെ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അടിയന്തര സേവനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിരോധനാജ്ഞ ലംഘിച്ചു പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചു.
കോവിഡ് 19 ജാഗ്രതാ  നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇന്നലെ ( മാര്‍ച്ച് 24 ) അഞ്ചു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകളുടെ എണ്ണം 33 ആയി. വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ച് നിര്‍ബന്ധിത നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തിയതിന് കുറ്റിപ്പുറം, വളാഞ്ചേരി പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തു. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ സ്വന്തം സ്ഥാപനത്തിലെത്തി ജോലി ചെയ്തതിന് പെരിന്തല്‍മണ്ണ പൊലീസും ഒരാള്‍ക്കെതിരെ കേസെടുത്തു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അധികൃതരേയും ആരോഗ്യ പ്രവര്‍ത്തകരേയും മോശമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയതിന് കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. വള്ളുവമ്പ്രത്ത് വൈറസ് ബാധിതനുണ്ടെന്ന വിധത്തില്‍ വ്യാജ പ്രചരണം നടത്തിയതിന് മഞ്ചേരി പൊലീസും കേസെടുത്തിട്ടുണ്ട്.

Comments are closed.