കോവിഡ് 19 : കുന്നംകുളം മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം മേഖലയിൽ അതീവ ജാഗ്രതാ നിർദേശവും കരുതൽ മുന്നറിയിപ്പും. മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വിഭാഗവും പോലീസുമാണ് ജനങ്ങൾക്ക് വേണ്ട ബോധവൽക്കരണം നടത്തി പരമാവധി ആളുകളെ ഹോം സ്റ്റേ സംവിധാനത്തിലാക്കാൻ ശ്രമമാരംഭിച്ചത്. ഇതിന്റെ ഭാഗമായി നഗരത്തിലും പരിസര പ്രദേശങ്ങളിലും അനാവശ്യമായി സമയം ചെലവഴിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വീട്ടിലേക്കു തിരിച്ചുവിടുന്നുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനും പ്രാദേശിക തലത്തിൽ ശ്രമമാരംഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തി നാട്ടിൽ കറങ്ങി നടന്ന പത്തോളം പേരെ കണ്ടെത്തി ഹോം ക്വാറന്റയിനിൽ പാർപ്പിച്ചിട്ടുണ്ട്.കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, ചൊവ്വന്നൂർ, വേലൂർ, കണ്ടാണശ്ശേരി, കടങ്ങോട്, ചൂണ്ടൽ പഞ്ചായത്തുകളിൽ ആരോഗ്യ വിഭാഗം പ്രവർത്തകർ വിദേശത്തു നിന്നെത്തിയവരുടെ വിവരശേഖരണം നടത്തി അവരോട് 14 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ കർശന നിർദ്ദേശങ്ങൾ നൽകിയതായി അതത് പഞ്ചായത്തു പ്രസിഡന്റുമാർ അറിയിച്ചു. പ്രവർത്തനങ്ങൾക്ക് കുന്നംകുളം പോലീസും ആരോഗ്യ വിഭാഗവും ഒപ്പമുണ്ട്.കുന്നംകുളം നഗരസഭയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. 04885 222221 എന്ന നമ്പറിൽ 24 മണിക്കൂർ സേവനം ലഭിക്കുമെന്ന് ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അറിയിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നേരത്തെ തന്നെ കോവിഡ് 19 ഒ പി യും ഐസലേഷൻ വാർഡും ക്രമീകരിച്ചു. താലൂക്ക് ആശുപത്രിയിൽ 15 ആശാ വർക്കർമാർ നിർമ്മിച്ച മാസ്‌ക് ആശുപത്രിയിലെത്തുന്നവർക്കും നഗരസഭയിലെ വിവിധ വാർഡുകളിലേക്കും വിതരണം ചെയ്യുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠൻ അറിയിച്ചു.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം കക്കാട് ഗണപതി ക്ഷേത്രത്തിൽ ഇന്നലെ മുതൽ ( മാർച്ച് 24) ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചു. കുന്നംകുളം നഗരസഭ തുറക്കുളം മാർക്കറ്റും ഇന്നലെ അടച്ചു. ഇന്നലെ രാവിലെ മുതൽ ജില്ലാതിർത്തിയായ ഒറ്റപ്പിലാവ് തണത്ര പാലം, കടവല്ലൂർ അമ്പലം ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങളിലെ ആളുകളെ പോലീസും ആരോഗ്യ വിഭാഗവും പരിശോധിക്കുകയും ബോധവത്ക്കരണം നടത്തുകയും ചെയ്തു.കുന്നംകുളം നഗരസഭയിലും ചൊവ്വന്നൂർ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലും ഉച്ചഭാഷിണിയിലൂടെ അതിജാഗ്രത മുന്നറിയിപ്പും നൽകി.
Comments are closed.