1470-490

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

താനാളൂര്‍ മീനടത്തൂര്‍ സ്വദേശിയായ യുവാവ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മാഞ്ചസ്റ്ററില്‍ നിന്നെത്തിയ താനൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശിയായ 22 കാരനാണ് വൈറസ് ബാധ. ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. പൊതു സമ്പര്‍ക്കം പരമാവധി കുറച്ച് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് യുവാവ് ഐസൊലേഷനില്‍ പ്രവേശിച്ചത്.
മാര്‍ച്ച് 17ന് മാഞ്ചസ്റ്ററില്‍ നിന്നു പുറപ്പെട്ട ഇ.കെ 0022 എമിറൈറ്റ്‌സ് വിമാനത്തില്‍ 44 – എച്ച് സീറ്റില്‍ യാത്ര ചെയ്ത് രാത്രി 7.30ന് ദുബായിയില്‍ എത്തി. തുടര്‍ന്ന് രാത്രി 9.45ന് ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇ.കെ 0532 വിമാനത്തില്‍ 29 – എ സീറ്റില്‍ യാത്ര ചെയ്തു. മാര്‍ച്ച് 18ന് പുലര്‍ച്ചെ 2.30ന് നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം 108 ആംബുലന്‍സില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി ആരോഗ്യ പരിശോധനക്കു വിധേയനായി. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനെ തുടര്‍ന്ന് പൊതു സമ്പര്‍ക്കമില്ലാതെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ തന്നെ ഉച്ചയ്ക്ക് 1.30ന് താനൂര്‍ താനാളൂര്‍ മീനടത്തൂരിലെ സ്വന്തം വീട്ടില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. വീട്ടുകാരുള്‍പ്പെടെയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ മാര്‍ച്ച് 19നും 20നും വീട്ടില്‍ തന്നെ കഴിഞ്ഞു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജില്ലാ തല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് 21ന് രാവിലെ 10ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു.
മാര്‍ച്ച് 17ന് മാഞ്ചസ്റ്ററില്‍ നിന്നു ദുബായിയിലേക്കു യാത്ര തിരിച്ച ഇ.കെ 0022 എമിറൈറ്റ്‌സ് വിമാനത്തിലും രാത്രി 9.45ന് ദുബായിയില്‍ നിന്ന് പുറപ്പെട്ട്
മാര്‍ച്ച് 18ന് പുലര്‍ച്ചെ 2.30ന് കൊച്ചിയിലെത്തിയ ഇ.കെ 0532 എമിറൈറ്റ്‌സ് വിമാനത്തിലും വൈറസ് ബാധിതനൊപ്പം സഞ്ചരിച്ചവര്‍ വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തരുത്. ജില്ലാ തല കണ്‍ട്രോള്‍ സെല്ലിലെ ഹെല്‍പ് ലൈന്‍ നമ്പറുകളായ 0483 – 2737858, 2737857, 2733251, 2733252, 2733253 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

Comments are closed.