1470-490

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 604 പേര്‍ക്കു കൂടി നിരീക്ഷണം ഏര്‍പ്പെടുത്തി


മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കോവിഡ് 19 പ്രത്യേക ചികിത്സാ കേന്ദ്രമാക്കി
ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ / നിരീക്ഷണത്തിലുള്ളവര്‍ക്ക് അടിയന്തര പൊലീസ് സഹായത്തിനും – 9497963336, 9497934346
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 24) 604 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 9,898 പേരാണെന്ന് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 29 പേരാണ് ഐസൊലേഷനിലുള്ളത്. 9,851 പേര്‍ വീടുകളിലും 18 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 19, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആറ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഞ്ച് വൈറസ് ബാധിതരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച സാമ്പിളുകളില്‍ 302 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 66 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. വാര്‍ഡുകള്‍ തോറുമുള്ള ദ്രുത കര്‍മ്മ സംഘങ്ങളുടേയും പൊലീസിന്റേയും നിരീക്ഷണം ഊര്‍ജ്ജിതമായി തുടരുകയാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9497963336, 9497934346 എന്നീ നമ്പറുകളില്‍ പൊലീസിനു വിവരങ്ങള്‍ കൈമാറാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പൊലീസിന്റെ സേവനം ആവശ്യമുണ്ടെങ്കിലും ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.  മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കോവിഡ് 19 പ്രത്യേക ചികിത്സാ കേന്ദ്രമാക്കി മാറ്റി. ആവശ്യം വരുന്ന സാഹചര്യത്തില്‍ പ്രത്യേക ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 93 ഗ്രാമ പഞ്ചായത്തുകളില്‍ ഇതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ തൊഴിലില്ലാതെ കഴിയുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യക ക്യാമ്പുകള്‍ സജ്ജമാക്കാനും തീരുമാനമായി. താലൂക്ക് തലങ്ങളില്‍ പരിശോധന നടത്തി ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍ ഒരുക്കുക.പെരിന്തല്‍ണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573