1470-490

കോവിഡ് 19 – അടച്ചിടൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കും: ഗവ. ചീഫ് വിപ് കെ രാജൻ

കോവിഡ് 19 വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അടച്ചിടൽ നിർദ്ദേശങ്ങൾ കൂടുതൽ കർശനമായി ജില്ലയിൽ നടപ്പാക്കുമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ പറഞ്ഞു. കോവിഡ് 19 ജില്ലാതല അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിർദ്ദേശിച്ച വിഭാഗങ്ങൾ ഒഴികെ ആരും പുറത്തിറങ്ങി സഞ്ചരിക്കരുത്. ക്വാറന്റൈൻ ചെയ്തവർ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തിരിച്ച് വീട്ടിലേക്ക് അയക്കാതെ സർക്കാർ ഏർപ്പെടുത്തുന്ന ക്വാറന്റൈൻ സംവിധാനത്തിലേക്ക് മാറ്റും. പോലീസ് നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി കോവിഡ് കെയർ സെന്ററുകളിൽ പാർപ്പിച്ചിരിക്കുന്നവരെ ഇന്ന് (മാർച്ച് 25) ഉച്ചയോടെ ഒരു പൊതുകേന്ദ്രത്തിലേക്ക് മാറ്റും. കെയർ സെന്ററുകളാക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ ഇതിനകം 4000 ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ആഗ്രയിൽ നിന്ന് എത്തിയ നാല് അതിഥി തൊഴിലാളികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. വീടുകളിൽ ക്വാറന്റൈൻ ചെയ്യപ്പെട്ടവർക്ക് കൗൺസലിങ്ങ് നൽകുന്നുണ്ട്. രോഗബാധിതനായ യുകെ സ്വദേശി കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുത്തതിന്റെ ഫലമായി സമ്പർക്കമുണ്ടായ 76 പേരുടെ നിരീക്ഷണകാലാവധി പൂർത്തിയായപ്പോൾ ആർക്കും രോഗം പടർന്നതായി കണ്ടെത്തിയിട്ടില്ല.തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലക്കപ്പാറയിൽ അന്തർസംസ്ഥാന ഗതാഗതം തടയും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ പാസ്‌പോർട്ട് കോപ്പി ശേഖരിക്കും. ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. കോവിഡ് ലക്ഷണമുളള ആളെ ആരോഗ്യവകുപ്പ് അലക്ഷ്യമായി ഖത്തറിൽ പോകാൻ അനുവദിച്ചു എന്ന ഡോ. ഷിനു ശ്യാമളന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായി ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. ഖത്തറിലേക്ക് പോയ ആളുടെ ക്വാറന്റൈൻ കാലാവധിയായ 14 ദിവസം പിന്നിട്ടപ്പോൾ അസുഖലക്ഷണങ്ങൾ ഒന്നുമില്ലാതെ ജോലിയിൽ പ്രവേശിച്ചതായി അദ്ദേഹം തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജില്ലാ ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടി ക്രമം ശരിയാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും കളക്ടർ പറഞ്ഞു. മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651