1470-490

കോവിഡ് 19: ലോക്ക് ഡൗൺ; തീരദേശങ്ങളിൽ ആളൊഴിഞ്ഞു

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയും പ്രാന്തപ്രദേശങ്ങളും ആളൊഴിഞ്ഞു. ചുരുക്കം ചില യാത്രക്കാരൊഴിച്ചാൽ നിരത്തുകൾ ഒഴിഞ്ഞ നിലയിലാണ്. പകുതിയിലേറെ വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല. അഴീക്കോട്-മുനമ്പം ബോട്ട് സർവീസ് നിർത്തിയതും പൊതുഗതാഗത സംവിധാനങ്ങൾ അവസാനിപ്പിച്ചതും തിരക്ക് കുറച്ചു. കേരളത്തിന്റെ പ്രധാന ഉത്സവമായ മീനഭരണി മഹോത്സവത്തിന് ഏർപ്പെടുത്തിയ നിയന്ത്രങ്ങളെ തുടർന്ന് കൊടുങ്ങല്ലൂർ നഗരവും ശ്രീകുരുമ്പക്കാവും ആളൊഴിഞ്ഞ നിലയിലായി. പതിവായി ലക്ഷകണക്കിനാളുകളാണ് മീനഭരണി ഉത്സവത്തിന് കൊടുങ്ങല്ലൂരിൽ എത്താറ്.ആളുകൾ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ പോലീസും ആരോഗ്യവകുപ്പും പഞ്ചായത്ത്/നഗരസഭ അധികൃതരും രംഗത്തുണ്ട്. കൈപ്പമംഗലം, എടത്തിരുത്തി, പെരിഞ്ഞനം, എറിയാട്, ചളിങ്ങാട്, കാക്കാത്തുരുത്തി എന്നീ മേഖലകളിൽ ചൊവ്വാഴ്ച രാവിലെ അവശ്യ സർവീസുകളുടെ ഗണത്തിൽപ്പെടാത്ത വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചിരുന്നത് പൊലീസും അധികൃതരും ഇടപെട്ട് അടപ്പിച്ചു. ഹോട്ടലുകളിൽ വന്നിരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ നിർദേശം ഉള്ളതിനാൽ ഹോട്ടലുകളുടെ പ്രവർത്തനവും ഭാഗികമാണ്. അഴീക്കോട് ഹാർബർ മാർച്ച് 31 വരെ അടച്ചിടാൻ തൊഴിലാളികളും ജീവനക്കാരും തീരുമാനിച്ചു. മേഖലയിൽ മത്സ്യവിപണിയും നിർജ്ജീവമാണ്. ഫീഷറീസ് വകുപ്പിന്റെ ഉത്തരവനുസരിച്ച് പ്രദേശത്തെ മീൻപിടുത്ത തുറമുഖങ്ങളിൽ ലേല നടപടികൾ നിർത്തിയതോടെ പ്രധാന മീൻപിടുത്ത കേന്ദ്രങ്ങളായ അഴീക്കോട് ജെട്ടി, എടവിലങ്ങ്, കാര, വഞ്ചിപ്പുര ബീച്ച്, വാടാനപ്പള്ളി എന്നിവിടങ്ങളിലെ മീൻ വിൽപ്പനയെ കാര്യമായി ബാധിച്ചു. തിങ്കളാഴ്ച മുതൽക്കേ തന്നെ ഭൂരിഭാഗം മത്സ്യബന്ധന യാനങ്ങളും കടലിൽ ഇറങ്ങിയിട്ടില്ല.നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളിൽ അനാവശ്യമായി കറങ്ങി നടന്നിരുന്നവരെ പോലീസ് താക്കീത് നൽകി വിട്ടയച്ചു. അല്ലാത്തവരെ ബോധവൽക്കരിച്ചു. അണുനശീകരണപ്രവർത്തനങ്ങളും സജീവമായി നടക്കുന്നു. പൊതുഗതാഗതം ഇല്ലാത്തതിനാൽ ആളുകൾ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നുണ്ട്.ആളുകൾ കൂട്ടമായി വരുന്നത് ഒഴിവാക്കാൻ ഓട്ടോറിക്ഷ ഡ്രൈവർമാരോട് മിതത്വം പാലിച്ച് സ്റ്റാൻഡിൽ കിടന്നാൽ മതിയെന്ന് പോലീസ് കർശന നിർദ്ദേശം നൽകി.ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ അതത് പ്രദേശവാസികളെ കണ്ടു ബോധവൽക്കരണവും നോട്ടീസ് വിതരണവും നടത്തുന്നുണ്ട്. ഒറ്റക്ക് താമസിക്കുന്ന ആളുകളെ വീടുകളിൽ നേരിട്ട് പോയി സന്ദർശിക്കുന്നു. അനാവശ്യമായി കറങ്ങി നടക്കുന്നവർക്കെതിരെ ഇനി മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Comments are closed.