1470-490

കോവിഡ് 19; ഗുരുവായൂരിൽ താത്കാലിക ക്യാമ്പ് തുടങ്ങി


ഗുരുവായൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ നഗരത്തിലെ നിരാലംബരായ മനുഷ്യരെ നഗരസഭ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി. കിഴക്കേനടയിലെ ഗവ.യുപി സ്‌ക്കൂളിലാണ് നഗരസഭയും ദേവസ്വത്തിന്റെ സഹകരണത്തോടെ ക്യാമ്പ് തുടങ്ങിയത്. ക്ഷേത്ര നഗരിയിൽ വഴിയോരങ്ങളിൽ തമ്പടിച്ചവരെ പോലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തി ക്യാമ്പിലേയ്ക്ക് മാറ്റുന്നത്. ക്യാമ്പിലെത്തുന്നവർക്ക് ഭക്ഷണം തയ്യാറാക്കി നൽകാനുള്ള ചുമതല കുടുംബശ്രീക്കാണ്. ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾേ ഗുരുവായൂർ ദേവസ്വം നൽകും. 113 പേരാണ് ഇന്നലെ വൈകുന്നേരത്തോടെ ക്യാമ്പിലെത്തിയിട്ടുള്ളത്. പോലീസ് നിരീക്ഷണവും മെഡിക്കൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
  കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ ഘട്ടത്തിൽ 42 പേരെ നഗരസഭയുടെ അഗതിമന്ദിരത്തിലേയ്ക്ക് മാറ്റിയിരുന്നു. പിന്നെയും അവശേഷിച്ചവരെയാണ് പ്രത്യേക ക്യാമ്പിലേക്ക് മാറ്റുന്നത്.
  നഗരസഭ ചെയർപേഴ്‌സൻ എം.രതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് താത്കാലിക ക്യാമ്പ് ആരംഭിക്കാൻ തീരുമാനിച്ചത്. ഡെപ്യൂട്ടി കളക്ടർ എം.ബി ഗിരീഷ്,  ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജ്യോതിഷ്‌കുമാർ, നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി വിവിധ്, ടി.എസ് ഷെനിൽ, നഗരസഭ സെക്രട്ടറി എ.എസ് ശ്രീകാന്ത്, സർക്കിൾ ഇൻസ്‌പെക്ടർ അനന്ദകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.