1470-490

കോവിഡ് 19: അഴീക്കോട് മാരിടൈം കോളേജ് ക്വാറന്റൈൻ കേന്ദ്രമാക്കും

കോവിഡ് 19 സമൂഹബാധയുടെ പശ്ചാത്തലത്തിൽ അഴീക്കോട് മാരിടൈം കോളേജ് ക്വാറന്റൈൻ കേന്ദ്രമാക്കാൻ തീരുമാനം. വിശാലമായ ഹോസ്റ്റൽ അടക്കം എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ളതാണ് കോളേജ്. പുതുതായി നിരീക്ഷണത്തിലുളളവരെ താമസിപ്പിക്കുന്നതിനായി പുതിയ ക്വാറെന്റെൻ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ അടക്കമുള്ളവർ സന്ദർശിച്ചു വിലയിരുത്തിയതിനെ തുടർന്നാണ് മാരിടൈം കോളേജ് ക്വാറൈന്റൻ കേന്ദമാക്കാൻ തീരുമാനിച്ചത്. കയ്പമംഗലം മണ്ഡലത്തിൽ പുതുതായി നിരീക്ഷണത്തിൽ വരുന്നവർക്കായി നൂറ്റമ്പതോളം കിടക്കകൾ ഒരുക്കും. മാരിടൈം കോളേജ് കൂടാതെ ക്വാറൈന്റന് കേന്ദ്രമാക്കാൻ തീരുമാനിച്ച അഴീക്കോട് പഴയ കരിക്കുളം ഹോസ്പിറ്റൽ, കയ്പമംഗലം ഗാർഡിയൻ ആശുപത്രി, മതിലകം ആൽഫ പാലിയേറ്റീവ് ആശുപത്രി, ചെന്ത്രാപ്പിന്നി അൽ ഇഖ്ബാൽ ആശുപത്രി എന്നിവിടങ്ങളിലായാണ് ഈ സംവിധാനങ്ങൾ ഒരുക്കുക. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ഉന്നതതലയോഗത്തിന്റെതാണ് തീരുമാനം. കയ്പമംഗലം നിയോജക മണ്ഡലത്തിൽ 1329 പേരാണ് ക്വാറന്റൈനിലുള്ളത്. സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ പോലീസ് അധികാരികളെ ചുമതലപ്പെടുത്തി. മണ്ഡലത്തിന്റെ വിവിധ സെന്ററുകളിൽ കുട്ടംകൂടുന്നവർക്കെതിരെയും അനാവശ്യ യാത്ര ചെയ്യുന്നവർക്കെതിരേയും നിയമ നടപടി എടുക്കാനും പോലീസിന് നിർദ്ദേശം നൽകി. കളിസ്ഥലങ്ങളിൽ കളികൾ നിർത്തിവെക്കാനും, മണ്ഡലത്തിലെ മത്സ്യ മാർക്കറ്റുകൾ നിയന്ത്രിക്കാനും ഓട്ടോറിക്ഷ തൊഴിലാളികളെ നേരിൽ കണ്ട് സ്വയം നിയന്ത്രണ ഓട്ടം ക്രമീകരിക്കാനും പഞ്ചായത്തുകളെ ചുമതലപെടുത്തി. ക്വാറന്റെയിനിൽ ഉള്ള വീട്ടുകാർക്ക് ആവശ്യമുള്ള സഹായങ്ങൾ പഞ്ചായത്ത് കമ്മിറ്റി മുഖേന പഞ്ചായത്ത് മെമ്പർമ്മാരുടെ നേതൃത്വത്തിലുള്ള വാർഡ് തല ജാഗ്രതാ സമിതികൾ ചെയ്തുകൊടുക്കണം. മാവേലി സ്റ്റോറുകൾ, സപ്ലൈക്കോ, റേഷൻ കടകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ ആവശ്യ സാധനങ്ങൾ ഉറപ്പ് വരുത്തും. പൊതുജനങ്ങൾ അത്യാവശ്യത്തിനു മാത്രമേ വീട്ടിൽ നിന്നും പുറത്തിറങ്ങാവു എന്നും പ്രായമായവരും കുട്ടികളും ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുതെന്നും യോഗം നിർദ്ദേശിച്ചു. ബ്രേക്ക് ദി ചെയിൻ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കും. ജീവിതശൈലീരോഗങ്ങളുടെ മരുന്നുകഴിക്കുന്ന വ്യക്തികൾക്ക് ആശാവർക്കർമാർ മുഖേന മരുന്നുകൾ വീടുകളിൽ എത്തിച്ചു തുടങ്ങി. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കണമെന്നും യോഗം നിർദ്ദേശം നൽകി. എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബീദലി, തഹസിൽദാർ കെ രേവ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മതിലകം ബ്ലോക്ക് ഡെവലപ്‌മെൻറ് ഓഫീസർ വിനീത സോമൻ, പെരിഞ്ഞനം പി എച്ച് സി സൂപ്രണ്ട് ഡോ സാനു എം പരമേശ്വരൻ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  

Comments are closed.