1470-490

കൂടപ്പുഴ പള്ളി വികാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

ചാലക്കുടി: സർക്കാർ പ്രഖ്യാപിച്ച വിലക്കുകൾ ലംഘിച്ച് കുർബാന നടത്തിയ കൂടപ്പുഴ പള്ളി വികാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത ദേവാലയത്തിൽ ഫാ.പോളി പടയാട്ടിയുടെ കാർമ്മികത്വത്തിൽ ആണ് തിങ്കളാഴ്ച്ച രാവിലെ ആറരയോടെ നൂറോളം പേർ പങ്കെടുത്ത കുർബാന നടന്നത്. വികാരിയും സഹവികാരിയും ഉൾപ്പെടെയുള്ളവർ മാത്രം പങ്കെടുത്ത് കുർബാന നടത്തണമെന്ന് കെ സി ബി സി നിർദ്ദേശം ഉള്ളപ്പോഴാണ് കൂടപ്പുഴയിൽ വിലക്കുകൾ എല്ലാം ലംഘിച്ച് കുർബാന നടത്തിയത്. പളളിയിൽ കുർബ്ബാന നടക്കുന്നതറിഞ്ഞ് സ്റ്റേഷനിൽ ഹാജരാക്കുവാൻ പറഞ്ഞ വികാരി അതിന് തയ്യാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചതായും പറയുന്നു ഇതിനെ തുടർന്നാണ് ചാലക്കുടി സി ഐ പി.ആർ. ബിജോയ് ,എസ് ഐ മാരായ എം. എസ്. ഷാജൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമെത്തി വികാരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുർബാനയിൽ പങ്കെടുത്ത അൻപതോളം വിശ്വാസികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിലക്കുകൾ ലംഘിച്ച് പൊതു പരിപാടികൾ സംഘടിപ്പിക്കുന്ന അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചാലക്കുടി സിഐ പി.ആർ. ബിജോയ് പറഞ്ഞു. ഇതുസംബന്ധിച്ച് ആരാധനാലയങ്ങൾക്കും പൊതുപ്രവർത്തകർക്കും എല്ലാം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. മതപരമായയും അല്ലാത്തതുമായ പൊതു പരിപാടികൾ സംഘടിപ്പിക്കുന്ന അവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും സിഐ പറഞ്ഞു. സർക്കാർ വിലക്ക് ലംഘിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വികാരിയെ കസ്റ്റഡിയിലെടുത്തത്. ഇടവക വിശ്വാസികൾ വികാരിയോട് കുർബ്ബാന നിറുത്തി വെക്കുവാൻ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് വിശ്വാസികൾ പറഞ്ഞു. രൂപതയിലെ മറ്റു എല്ലാ ഇടവകകളിലും കുർബ്ബാനകൾ നിറുത്തി വെച്ചിരിക്കുകയാണ്. കൊറോണ രോഗം പടരാതിരിക്കാൻ കൂടിച്ചേരലുകളും മറ്റും ഒഴിവാക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കുമ്പോഴാണ് അത് ഒന്നും ഗൗനിക്കാതെ കുർബ്ബാന നടത്തിയത്.

അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരിച്ച് വരുന്നതിനിടെയാണ് ഉത്തരവാദിത്തപ്പെട്ടവരുടെ ഇടയിൽ നിന്നു തന്നെ ഇത്തരം നീക്കം ഉണ്ടാകുന്നതെന്നും ഇത് പോലീസിനെയും ആരോഗ്യ പ്രവർത്തകരെയും ബുദ്ധിമുട്ടിക്കുന്നുവെന്നും സി ഐ പി. ആർ. ബിജോയ് പറഞ്ഞു

Comments are closed.