1470-490

കോട്ടപ്പുറം മാ‍ർക്കറ്റിന് നിയന്ത്രണം; ചന്ത ദിവസം മൊത്ത-ചില്ലറ വ്യാപാരികൾക്ക് മാത്രം പ്രവേശനം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്ത മാർക്കറ്റിന് നഗരസഭ നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മൊത്ത വിൽപ്പനക്കാ‍ർക്കും ചില്ലറ വില്പനക്കാ‍ർക്കും മാത്രമേ കോട്ടപ്പുറം ചന്തദിവസം ചന്തയിലേക്ക് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ . കൊടുങ്ങല്ലൂരിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ കോട്ടപ്പുറം മാർക്കറ്റ് പ്രതിരോധസംവിധാനങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നുവെന്നും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാർക്കറ്റിന് മേൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചത്. ഇത് പ്രകാരം ഇനി മുതൽ ചില്ലറവ്യാപാരികൾക്കല്ലാതെ വ്യക്തികൾക്ക് സാധനങ്ങൾ നൽകുവാൻ പാടുള്ളതല്ല. ചരക്ക് ഇറക്കുന്നതിലും കയറ്റുന്നതിലും തിരക്കും ആൾക്കൂട്ടവും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വാഹനങ്ങൾ നിശ്ചിത ക്രമത്തിൽ മാത്രം മാ‍‍ർക്കറ്റിലേക്ക് പ്രവേശിപ്പിക്കണം. ചന്ത ദിവസം എത്തുന്നവര്‍ തമ്മില്‍ പരസ്പരഹസ്തദാനം പോലുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കണം. ചന്തസ്ഥലത്തുനിന്നും ഭക്ഷണവും വെള്ളവും വാങ്ങുന്നത് ഒഴിവാക്കി. ആവശ്യമെങ്കില്‍ വീട്ടില്‍നിന്നും കൊണ്ടുവന്ന് കഴിക്കുക.
സ്ഥാപനങ്ങളിലേയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈകഴുകിയതിനുശേഷം മാത്രമെ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഇതിനുള്ള സൗകര്യം ഉടമസ്ഥര്‍ ഏർപ്പെടുത്തണം. ആളുകള്‍ക്ക് കൂട്ടമായി ഒത്തുചേരാനും ഭക്ഷണം കഴിക്കാനും താമസിക്കാനുമുള്ള സൗകര്യം സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തുവാന്‍ പാടില്ല. ആളുകളുടെ ബാഹുല്യം അനുഭവപ്പെടുന്ന പക്ഷം ക്യൂ പാലിക്കുന്നതിനും ക്യൂവില്‍ ഒരു മീറ്റര്‍ അകലം പാലിക്കുന്നതിനും ആളുകളെ പ്രേരിപ്പിക്കേണ്ടതാണ്. ജലദോഷം, തുമ്മല്‍, തൊണ്ടവേദന, പനി മുതലായ രോഗലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുവാനോ വസ്തുക്കള്‍ വില്‍പ്പന നടത്തുവാനോ കൈകാര്യം ചെയ്യുവാനോ പാടില്ല.
സ്ഥാപനം കൈകാര്യം ചെയ്യുന്ന ആള്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം. സ്ഥാപനങ്ങളില്‍ നില്‍ക്കുന്നവര്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പുപയോഗിച്ചോ ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കിക്കൊണ്ടിരിക്കണം. സ്ഥാപനത്തില്‍ പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്പോസിബിള്‍ പാത്രങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കരുത്.

നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതും അല്ലാത്തപക്ഷം കേരള മുനിസിപ്പാലിറ്റി ആക്ട്, ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹെല്‍ത്ത് ആക്ട്, ദുരന്തനിവാരണ നിയമം മുതലായവ പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കൊടുങ്ങല്ലൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.

Comments are closed.