1470-490

കോവിഡ്19 രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളുമായി സർക്കാർ

ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അനുമതി

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.

എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്‌സവങ്ങൾ, ടൂർണമെൻറുകൾ, ഗ്രൂപ്പ് മൽസരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തീയറ്ററുകൾ, മാളുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും നിരോധിച്ചു.

പകർച്ചവ്യാധി വ്യാപനം തടയാൻ ആവശ്യഘട്ടങ്ങളിൽ
ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാം.

സ്വകാര്യ മേഖലയിലുള്ളവയുൾപ്പെടെ മെഡിക്കൽ കോളേജുകളും ആശുപത്രികളും ഉൾപ്പെടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ലഭ്യമായ കിടക്കകൾ, ആശുപത്രി മുറികൾ, ഹോസ്റ്റൽ മുറികൾ, കൊറോണ പരിശോധനാ ഉപകരണങ്ങൾ, ഐ.സി.യു കിടക്കകൾ, വെൻറിലേറ്ററുകൾ, കോവിഡ് 19 സംബന്ധിച്ച മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് കൺട്രോൾ റൂമിൽ അറിയിക്കണം (ഫോൺ: 0471 2364424, ഇ മെയിൽ: covid19ksdma@gmail.com). ഇതിന്റെ പകർപ്പ് ആരോഗ്യ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും നൽകണം.

അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പുണ്ടായാൽ നിലവിലുള്ള നിയമങ്ങൾപ്രകാരം കടുത്ത നടപടിയെടുക്കും.
ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങൾ ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
ഉത്തരവിലെ നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

നിർദേശങ്ങൾ മാർച്ച് 22 വെളുപ്പിന് 12 മണിമുതൽ പ്രാബല്യത്തിൽ വരും.

Comments are closed.